സി.ബി.ഐയില്‍ കണ്ട അതേ ടെക്‌നിക്ക്; പകലും പാതിരാവും സിനിമയിലെ 'ബ്രില്യന്‍സ്' 
Film News
സി.ബി.ഐയില്‍ കണ്ട അതേ ടെക്‌നിക്ക്; പകലും പാതിരാവും സിനിമയിലെ 'ബ്രില്യന്‍സ്' 
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd March 2023, 8:51 pm

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളാണ് പകലും പാതിരാവും എന്ന ചിത്രത്തില്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പകലും രാവും നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്.

Spoiler Alert

മേഴ്‌സി എന്ന പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മദ്യപാനിയായി കുടുംബം നോക്കാത്ത അച്ഛന്‍, അതിനിടക്ക് കൃഷിയില്‍ നിന്നും തോട്ടത്തിലെ പണിയില്‍ നിന്നും അമ്മയും മകളും അന്നന്നുള്ള അന്നത്തിന് വകയുണ്ടാക്കാന്‍ കഷ്ടപ്പെടുകയാണ്. ആ വീട്ടിലേക്ക് ഒരു ഞായറാഴ്ച ഒരു അപരിചിതന്‍ വന്ന് കയറുകയാണ്. ആ വരവ് അവരുടെയാകെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്.

മലയാള സിനിമയില്‍ മുമ്പും പറഞ്ഞുപഴകിയ നിരവധി എലമെന്റുകള്‍ പകലും പാതിരാവിലും കടന്നുവരുന്നുണ്ട്. അതില്‍ പ്രധാനമായ ഒന്ന് അനാവശ്യമായി വരുന്ന എക്‌സ്‌പ്രെഷനും ബി.ജി.എമ്മുമാണ്. എസ്.എന്‍. സ്വാമിയുടെയും കെ. മധുവിന്റെയും പല സി.ബി.ഐ ചിത്രങ്ങളിലും കണ്ടുവന്ന ഒന്നാണ് ഇത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി അനാവശ്യമായ ചില കഥാപാത്രങ്ങളും ഇവര്‍ക്കെന്തോ മറച്ചുവെക്കാനുള്ള രഹസ്യമോ ഗൂഢലക്ഷ്യങ്ങളോ ഒക്കെ ഉണ്ടെന്ന് തോന്നിക്കുന്ന എക്‌സ്‌പ്രെഷനുകളോ ആണത്.

പകലും പാതിരാവിലേക്കും വന്നാല്‍ അതില്‍ അനാവശ്യമായ കഥാപാത്രങ്ങളൊന്നുമില്ല. എന്നാല്‍ ചില എക്‌സ്പ്രഷനുകളും ബി.ജി.എമ്മും എന്തിനായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോവും. സിനിമയില്‍ കാണിക്കുന്ന ഒരു കഥാപാത്രത്തിന് മാസും എന്നാല്‍ മിസ്റ്ററിയും കലര്‍ന്ന ഒരു ബി.ജി.എം ഇടുന്നുണ്ട്. ഇതിനൊപ്പം അയാള്‍ നിഗൂഢമായി നോക്കുന്നുണ്ട്. ഈ എക്‌സ്പ്രഷനും കണ്ണ് ചിമ്മുന്നതിലെ സ്ലോ മോഷനും കണ്ടാല്‍ സെക്കന്റ് ഹാഫില്‍ ഈ കഥാപാത്രം എന്തോ ഭയങ്കര ട്വിസ്റ്റ് കൊണ്ടുവരും എന്ന് തോന്നും. ചിത്രം കഴിയുമ്പോഴാണ് മനസിലാവുന്നത് അത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ‘ബ്രില്യന്‍സാ’യിരുന്നുവെന്ന്. ഈ പച്ചപ്പാവം കഥാപാത്രത്തിന് എന്തിനാണ് ഇത്രയും ഭീകരമായ മ്യൂസിക് കൊടുത്തതെന്ന് പ്രേക്ഷകന്‍ ചിന്തിക്കും.

ഇതുപോലെ ആവശ്യത്തിനും അനാവശ്യമെല്ലാം സ്ലോ മോഷനും ബി.ജി.എമ്മും സിനിമയിലുണ്ട്. കൈദി, വിക്രം വേദ, ഒടിയന്‍ എന്ന സിനിമകകളിലൂടെ ശ്രദ്ധ നേടിയ സാം സി.എസാണ് ചിത്രത്തില്‍ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും അദ്ദേഹം ഗംഭീരമായി ബി.ജി.എം കൊടുത്തിട്ടുണ്ടെങ്കിലും അതിന്റെ അതിപ്രസരം മൂലം ചില സമയങ്ങളില്‍ ആസ്വദിക്കാന്‍ പറ്റാതാവുണ്ട്.

അതേസമയം ചില പോസിറ്റീവ് ഘടകങ്ങളും സിനിമയിലുണ്ട്. ഫൈസ് സിദ്ദിഖിന്റെ ഫ്രെയിമുകളും പ്രദേശത്തിന്റെ ഭംഗി നന്നായി പകര്‍ത്തിയിട്ടുണ്ട്. രജിഷ, കുഞ്ചാക്കോ ബോബന്‍, മനോജ് കെ.യു. എന്നിവരുടെ പെര്‍ഫോമന്‍സുകളും സിനിമയെ ലിഫ്റ്റ് ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട്.

Content Highlight: bgm and character’s expression that misleading audience in pakalum pathiravum