റയലിനെ കണ്ടാൽ അടി ഉറപ്പ്; പുതിയ ചരിത്രം സൃഷ്ടിച്ച് ബയേണിന്റെ ഗോളടി യന്ത്രം
Football
റയലിനെ കണ്ടാൽ അടി ഉറപ്പ്; പുതിയ ചരിത്രം സൃഷ്ടിച്ച് ബയേണിന്റെ ഗോളടി യന്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th April 2026, 2:31 pm

യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിലേക്ക് മുന്നേറിയിറക്കിക്കുകയാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്. ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ വീഴ്ത്തിയാണ് ബയേൺ സെമി ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ബയേണിന്റെ തട്ടകമായ അലയൻസ് അരീനയിൽ 4-3 എന്ന ത്രില്ലർ സ്‌കോറിനാണ് ബയേൺ മ്യൂണിക്കിന്റെ വിജയം. ആദ്യ പാദ മത്സരത്തിലും (2-1) ബയേൺ വിജയിച്ചിരുന്നു. 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ബയേൺ സെമിയിലേക്ക് മുന്നേറിയത്.

ഈ സീസണിൽ ബയേൺ മ്യൂണിക്കിന്റെ തേരോട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ റയലിനെതിരെയും ലക്ഷ്യം കണ്ടു. ആദ്യ പാദത്തിലും കെയ്ൻ റയലിന്റെ വല കുലുക്കിയിരുന്നു. റയലിനെതിരെ വീണ്ടും ഗോളും അസിസ്റ്റുകളുമായി കെയ്ൻ നിറഞ്ഞാടിയപ്പോൾ മറ്റൊരു താരത്തിനും ഇതുവരെ എത്തിപ്പിടിക്കാനാവാത്ത ഒരു റെക്കോഡും കെയ്ൻ തന്റെ പേരിലാക്കി മാറ്റി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമാണ് കെയ്ൻ. 2017 സീസണിലാണ് കെയ്ൻ ആദ്യമായി അസിസ്റ്റ് നേടുന്നത്. പിന്നീട് 2024ൽ എവേ മത്സരത്തിൽ റയലിനെതിരെ അസിസ്റ്റ് നേടിയ കെയ്ൻ ഹോമിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയും തിളങ്ങി. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ വീണ്ടും ഏവേയിലും ഹോമിലും ഗോൾ നേടി താരം പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം ബയേൺ മ്യൂണിക്കിനെതിരെ മത്സരം തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ അർധ ഗുലറിലൂടെ റയലാണ് ആദ്യം ലീഡ് നേടിയത്. ആറാം മിനിട്ടിൽ അലക്‌സാണ്ടർ പാവ് ലോവിച്ചിലൂടെ ബയേൺ തിരിച്ചടിച്ചു. മത്സരത്തിന്റെ 29ാം മിനിറ്റിൽ ഗുലർ വീണ്ടും ഗോൾ നേടി. 38ാം മിനിറ്റിൽ ഹാരി കെയ്നിലൂടെ സമനില പിടിച്ചു. എന്നാൽ 42ാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ റയൽ വീണ്ടും ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ 89ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ബയേൺ മൂന്നാം ഗോളും നേടി സമനില പിടിച്ചു. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൈക്കൽ ഒലീസിന്റെ ഗോളിലൂടെ ബയേൺ ത്രില്ലർ വിജയം സ്വന്തമാക്കി.

ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന്റെ മുന്നിലുള്ളത് സെമി ഫൈനൽ പോരാട്ടങ്ങളാണ്. കരുത്തരായ പിഎസ്ജിയാണ് ബയേണിന്റെ എതിരാളികൾ. ഏപ്രിൽ 29നാണ് ആദ്യ പാദ മത്സരം നടക്കുന്നത്. രണ്ടാം പാദ മത്സരം മെയ് ഏഴിനും നടക്കും. ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ വീഴ്ത്തിയാണ് പിഎസ്ജി സെമിയിലെത്തിയത്. ഇരു പാദങ്ങളിലും രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാർ ലിവർപൂളിനെ കീഴടക്കിയത്.

Content Highlight: Harry Kane Create a Historical Record Against Real Madrid in UEAFA Champions League