ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് എസ്വി വെര്‍ഡര്‍ ബ്രെമെനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. ലിയോണ്‍ ഗൊറെറ്റ്സ്‌കയുടെയും ഹാരി കെയ്നിന്റെയും കരുത്തിലായിരുന്നു ടീം മൂന്ന് പോയിന്റും സ്വന്തമാക്കിയത്.
70ാം മിനിറ്റിലായിരുന്നു ഗൊറെറ്റ്സ്‌കയുടെ ഗോള്‍ പിറന്നത്. ഹാരി തന്റെ ഗോള്‍ വലയിലെത്തിച്ചത് 22ാം മിനിട്ടിലാണ്. പെനാല്‍റ്റിയിലൂടെയാണ് പന്ത് താരം വലയില്‍ അടിച്ച് കയറ്റിയത്. മൂന്ന് മിനിട്ടുകള്‍ക്ക് അപ്പുറം 25ാം മിനിട്ടില്‍ പന്ത് ഒരിക്കല്‍ കൂടി വലയിലെത്തിച്ച് തന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഹാരി കെയ്ൻ. Photo: Sports Illustrated FC/x.com
ഇതോടെ കരിയറില്‍ ഒരു സൂപ്പര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനും ഹാരിക്ക് സാധിച്ചു. കരിയറില്‍ 500 ഗോളുകള്‍ എന്ന നേട്ടമാണ് ഇംഗ്ലണ്ട് താരം തന്റെ അക്കൗണ്ടിലാക്കിയത്. ക്ലബ്ബിനും സ്വന്തം രാജ്യമായ ഇംഗ്ലണ്ടിനും വേണ്ടി 743 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് താരം ഇത്രയും ഗോളുകള്‍ അടിച്ച് കൂട്ടിയത്.
ടോട്ടനത്തിന് വേണ്ടി കളിച്ചാണ് ഹാരി ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചത്. താരം ഇംഗ്ലീഷ് ക്ലബ്ബിനായി നേടിയത് 280 ഗോളുകളാണ്. ബയേണിനായി കളിച്ച് 126 ഗോളടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞ് 78 തവണയും വല കുലുക്കി. മില്‍വാള്‍ (ഒമ്പത്), ലെയ്റ്റണ്‍ ഓറിയന്റ് (അഞ്ച്), ലെസ്റ്റര്‍ സിറ്റി (രണ്ട്) എന്നിങ്ങനെയും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com
ഇതോടെ ഒരു സൂപ്പര്‍നേട്ടത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനും ഹാരിയ്ക്ക് സാധിച്ചു. ഏറ്റവും വേഗത്തില്‍ 500 ഗോളുകള്‍ നേടിയവരുടെ ലിസ്റ്റിലാണ് താരം റോണോയെ മറികടന്നത്. ക്രിസ്റ്റ്യാനോ 753 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയാണ് 500 ഗോള്‍ എന്ന നേട്ടത്തില്‍ തൊട്ടത്.