മെസിയുടെയും റൊണാള്‍ഡോയുടെയും സ്വാധീനത്താല്‍ ഫുട്‌ബോളില്‍ അവര്‍ ഇല്ലാതാകുന്നു; കുറ്റപ്പെടുത്തി ഹാരി കെയ്ന്‍
Sports News
മെസിയുടെയും റൊണാള്‍ഡോയുടെയും സ്വാധീനത്താല്‍ ഫുട്‌ബോളില്‍ അവര്‍ ഇല്ലാതാകുന്നു; കുറ്റപ്പെടുത്തി ഹാരി കെയ്ന്‍
ആദര്‍ശ് എം.കെ.
Saturday, 28th February 2026, 3:12 pm

ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വളര്‍ന്നുവരുന്ന യുവ താരങ്ങളെ സ്വാധീനിക്കുന്നുവെന്ന് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ഹാരി കെയ്ന്‍. ഇരു താരങ്ങളും കാരണം വിങ്ങുകളില്‍ കളിക്കാനാണ് യുവ താരങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതാകുന്നുവെന്നുമാണ് ഹാരി കെയ്ന്‍ കുറ്റപ്പെടുത്തുന്നത്.

ടി.എന്‍.ടി സ്‌പോര്‍ട്‌സ് ബ്രസീലിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് കെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ഹാരി കെയ്ന്‍. Photo: Bayern Munich/x.com

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോയും വിങ്ങര്‍മാരായി കളിച്ച് ലോക ഫുട്‌ബോളിനെ രണ്ട് പതിറ്റാണ്ടിലേറെ കാലം അടക്കി ഭരിച്ചു. അതുകൊണ്ട് പല യുവതാരങ്ങളും ഇവരുടെ പാത പിന്തുടരാനാണ് ശ്രമിക്കുന്നത്. ഇതുകാരണം ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍മാര്‍ കുറഞ്ഞുവരുന്നെന്നും കെയ്ന്‍ പറയുന്നു.

‘ഫുട്ബോളെന്ന ഗെയിം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഇന്നത്തെ കോച്ചിങ് രീതിയില്‍ തന്നെ അത് പ്രകടമാണ്. വളര്‍ന്നുവരുന്ന ഒരുപാട് താരങ്ങള്‍ വിങ്ങര്‍മാരായി മാറാനാണ് ആഗ്രഹിക്കുന്നത്.

ലയണല്‍ മെസ്സിയും റൊണാള്‍ഡോയും വളരെയേറെ കാലം വിങ്ങുകളില്‍ കളിച്ച് ആധിപത്യം സ്ഥാപിച്ചതായി ഞാന്‍ കരുതുന്നു. ഫുട്ബോള്‍ ആരാധകരും ഇവരുടെ പ്രകടനം കാണാനാണ് കൂടുതലായും ആഗ്രഹിക്കുന്നതെന്ന് കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

മെസ്സിയും റൊണാള്‍ഡോയും

മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസി എട്ട് തവണയും റൊണാള്‍ഡോ അഞ്ച് തവണയും തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്. ഇത് മറ്റു താരങ്ങളെ ദോഷകരമായിട്ടാണ് ബാധിച്ചിട്ടുള്ളത്.

ഞാന്‍ വളര്‍ന്നു വന്നിരുന്ന സമയത്ത് ലോകത്തിലെ മികച്ച ചില ഫുട്ബോള്‍ സ്‌ട്രൈക്കര്‍മാര്‍ എനിക്ക് മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒമ്പതാം നമ്പര്‍ ജേഴ്‌സി അണിയാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഈ രീതിയിലാണ് എന്റെ ഫുട്ബോള്‍ ജീവിതം വളര്‍ന്നത്,’ കെയ്ന്‍ പറഞ്ഞു.

ഹാരി കെയ്ന്‍

ഇന്നത്തെ മാതൃകയിലാണ് ലോക ഫുട്ബോള്‍ പോകുന്നതെങ്കില്‍ ഒമ്പതാം നമ്പറുകളില്‍ കളിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരില്ലെന്നും, ഇത് ഫുട്ബോളിന് വലിയ നാണക്കേടായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയോടുള്ള തന്റെ ആരാധനയെ കുറിച്ചും കെയ്ന്‍ സംസാരിച്ചു.

റൊണാള്‍ഡോ നസാരിയോ

‘കളിക്കുന്ന രീതി പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തരായ കളിക്കാരാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ നാസാരിയോ ഫിനിഷ് ചെയ്യുന്ന രീതിയും പന്തുമായി നീങ്ങുന്ന രീതിയും ആരെയും പോലെ അദ്ദേഹത്തെയും മികച്ചതാക്കിയിരുന്നു.

അദ്ദേഹത്തെ കാണുന്നത് വളരെ സന്തോഷകരമാണ്, ഗോളുകള്‍ സ്വയം നേടാനും അദ്ദേഹത്തിന്റെ കളിയില്‍ നിന്ന് പലതും പഠിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്.’ ഹാരി കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Harry Kane about Lionel Messi and Cristiano Ronaldo

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.