'ത്രീ ലയണ്‍സിന്റെ മിന്നല്‍ ക്യാപ്റ്റന്‍മാര്‍'; തൂക്കിയടിച്ചത് വെടിക്കെട്ട് റെക്കോഡ്!
Cricket
'ത്രീ ലയണ്‍സിന്റെ മിന്നല്‍ ക്യാപ്റ്റന്‍മാര്‍'; തൂക്കിയടിച്ചത് വെടിക്കെട്ട് റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Tuesday, 27th January 2026, 8:49 pm

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്.

ത്രീ ലയണ്‍സിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സൂപ്പര്‍ താരം ജോ റൂട്ടുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും തിളങ്ങിയത്. മത്സരത്തില്‍ നാലാമനായി ഇറങ്ങിയ ബ്രൂക്ക് വെറും 66 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും 11 ഫോറും ഇള്‍പ്പെടെ 136 റണ്‍സ് നേടിയാണ് മടങ്ങിയത്. 206.6 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നേരിട്ട 57ാം പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്. ഏകദിനത്തില്‍ തന്റെ രണ്ടാം സെഞ്ച്വറിയാണ് ബ്രൂക്ക് സ്വന്തമാക്കിയതും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ 12ാം സെഞ്ച്വറിയാണിത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും ബ്രൂക്കിന് സാധിച്ചു. അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് ക്യാപ്റ്റനാകാനാണ് ബ്രൂക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗണിനൊപ്പമെത്താനും ബ്രൂക്കിന് സാധിച്ചിരിക്കുകയാണ്. 57 പന്തിലാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇയാന്‍ മോര്‍ഗണും ഇംഗ്ലണ്ടിന് വേണ്ടി വേഗതയേറിയ ഏകദിന സെഞ്ച്വറി നേടിയത്. 2019ല്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു മോര്‍ഗണ്‍ സെഞ്ച്വറി നേടിയത്.

അതേസമയം റൂട്ട് പുറത്താകാതെ 108 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. ഇതോടെ തന്റെ 20ാം ഏകദിന സെഞ്ച്വറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 61ാം സെഞ്ച്വറി നേടാനും റൂട്ടിന് സാധിച്ചു. ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ റൂട്ട് നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഇരുവര്‍ക്കും പുറമെ 65 റണ്‍സ് നേടി ജേക്കബ് ബെഥലും തിളങ്ങിയിരുന്നു.

അതേസമയം ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ജെഫ്രി വാണ്ടര്‍സെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. ലങ്കയ്ക്ക് വേണ്ടി തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയത് 50 റണ്‍സ് നേടിയ പാത്തും നിസംഗയാണ്. 25 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. നിലവില്‍ ക്രീസിലുള്ളത് 47 റണ്‍സ് നേടിയ പവന്‍ രത്‌നയാകെയും ധനഞ്ജയ് ഡി സില്‍വയുമാണ് (1 റണ്‍സ്) ക്രീസിലുള്ളത്.

Content Highlight: Harry Brook Joins Eoin Morgan’s Record Achievement In ODI As A Captain

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ