കൊടുങ്കാറ്റായി ബ്രൂക്ക് ഇടിമിന്നലായി റൂട്ട്... ലങ്കയെ പറത്തിയടിച്ചവര്‍ മിന്നും നേട്ടത്തില്‍!
Cricket
കൊടുങ്കാറ്റായി ബ്രൂക്ക് ഇടിമിന്നലായി റൂട്ട്... ലങ്കയെ പറത്തിയടിച്ചവര്‍ മിന്നും നേട്ടത്തില്‍!
ശ്രീരാഗ് പാറക്കല്‍
Tuesday, 27th January 2026, 7:44 pm

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്.

ത്രീ ലയണ്‍സിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ജോ റൂട്ടും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും തിളങ്ങിയത്. പുറത്താകാതെ 108 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്.

ഇതോടെ തന്റെ 20ാം ഏകദിന സെഞ്ച്വറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 61ാം സെഞ്ച്വറി നേടാനും റൂട്ടിന് സാധിച്ചു. ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ റൂട്ട് നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്.

അതേസമയം ബ്രൂക്ക് നാലാമനായി ഇറങ്ങി വെറും 66 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും 11 ഫോറും ഇള്‍പ്പെടെ 136 റണ്‍സ് നേടിയാണ് മടങ്ങിയത്. 206.6 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നേരിട്ട 57ാം പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്. ഏകദിനത്തില്‍ തന്റെ രണ്ടാം സെഞ്ച്വറിയാണ് ബ്രൂക്ക് സ്വന്തമാക്കിയതും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ 12ാം സെഞ്ച്വറിയാണിത്. ഇരുവര്‍ക്കും പുറമെ 65 റണ്‍സ് നേടി ജേക്കബ് ബെഥലും തിളങ്ങിയിരുന്നു.

അതേസമയം ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ജെഫ്രി വാണ്ടര്‍സെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് നേടിയത്.

Content Highlight: Harry Brook And Joe Root Complete Century In Third ODI Against Sri Lanka

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ