2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് സൂപ്പര്‍ പേസര്‍ ഹാരിസ് റൗഫ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് റൗഫ് പറഞ്ഞത്.
പ്രാക്ടീസിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് റൗഫ് ഇക്കാര്യം പറയുന്നത്. ദോനോ അപ്‌നേ ഹൈ, ഇന്‍ഷാ അള്ളാഹ് (രണ്ട് മത്സരവും നമ്മുടേതാണ്) എന്നാണ് റൗഫ് പറഞ്ഞത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പതിവുപോലെ ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ഒമാനും യു.എ.ഇയുമാണ് മറ്റ് ടീമുകള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകള്‍ക്കും മൂന്ന് മത്സരമാണ് കളിക്കാനുണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം വിജയം നേടുന്ന
ടീമുകള്‍ സൂപ്പര്‍ ഫോറിനും യോഗ്യത നേടും.
രണ്ട് ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരാണ് സൂപ്പര്‍ ഫോര്‍ കളിക്കുക. ഗ്രൂപ്പ് ഘട്ടത്തിലേതെന്ന പോലെ ഓരോ ടീമുകളും മൂന്ന് മത്സരമാണ് സൂപ്പര്‍ ഫോറിലും കളിക്കും. ഏറ്റവുമധികം മത്സരം വിജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലും കളിക്കും.
ഇത്തരത്തില്‍ ഫൈനല്‍ അടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.