സൗത്ത് ആഫ്രിക്കയോട് തോറ്റവള്‍ ലോകം കീഴടക്കി; ഹര്‍മന് തൊട്ടുപിന്നില്‍ ലങ്കയുടെ ചമാരിയും!
Cricket
സൗത്ത് ആഫ്രിക്കയോട് തോറ്റവള്‍ ലോകം കീഴടക്കി; ഹര്‍മന് തൊട്ടുപിന്നില്‍ ലങ്കയുടെ ചമാരിയും!
ശ്രീരാഗ് പാറക്കല്‍
Thursday, 23rd April 2026, 4:02 pm

ഇന്ത്യ വുമണ്‍സിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വുമണ്‍സിനെ സൗത്ത് ആഫ്രിക്ക കീഴടക്കിയത്. ഇതോടെ പരമ്പര സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.

വാണ്ടറസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. എന്നാല്‍ മറുപടിക്കിറങ്ങിയ പ്രോട്ടിയാസ് പെണ്‍പട 16.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 38 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യയുടെ ടോപ് സ്‌കോററായതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കാനും ഹര്‍മന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ഹര്‍മന്‍ നേടിയത്. ലങ്കന്‍ താരം ചമാരി അത്തപ്പത്തുവിനെ മറികടന്നാണ് ഹര്‍മന്‍ റെക്കോഡ് നേട്ടത്തിലെത്തിയത്.

അന്താരാഷ്ട്ര വനിതാ ടി-20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

(താരം, റണ്‍സ്, ഇന്നിങ്‌സ്)

ഹര്‍മന്‍ പ്രീത് കൗര്‍ (ഇന്ത്യ) – 3017 – 125

ചമാരി അത്തപ്പത്തു (ശ്രീലങ്ക) – 3016 – 107

മെഗ് ലാനിങ് (ഓസ്‌ട്രേലിയ) – 2619 – 89

അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നൊങ്കുലുകുലേക്കോ മ്ലാബ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നഥൈന്‍ ഡി ക്ലാര്‍ക്ക് ഒരു വിക്കറ്റും നേടി. പരമ്പരയിലെ നാലാം മത്സരം ഏപ്രില്‍ 25ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 53 പന്തില്‍ 14 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 115 റണ്‍സാണ് താരം അടിച്ചെടുത്തത്. 216.98 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി-20യില്‍ ലോറയുടെ മൂന്നാമത്തെ സെഞ്ച്വറിയാണ്. ശ്രേയങ്ക പാട്ടീലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.

Content Highlight:  Harmanpreet Kaur In Great Record Achievement In Women’s T-20I Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ