ചരിത്ര നേട്ടത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍; വമ്പന്‍ റെക്കോഡില്‍ നിന്ന് വെട്ടിയത് ഹിറ്റ്മാനെ
Cricket
ചരിത്ര നേട്ടത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍; വമ്പന്‍ റെക്കോഡില്‍ നിന്ന് വെട്ടിയത് ഹിറ്റ്മാനെ
ശ്രീരാഗ് പാറക്കല്‍
Monday, 29th June 2026, 6:06 pm

ഐ.സി.സി വനിത ടി-20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായിരിക്കുകയാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വനിതകള്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഓസീസ് അപരാജിതരായി സെമിയിലേക്ക് കുതിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 27 പന്തില്‍ 56 റണ്‍സാണ് താരം എടുത്തത്. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഹര്‍മന്‍.

ടി-20 ലോകകപ്പില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടമാണ് ഹര്‍മന്‍ നേടിയത്. ഈ നേട്ടത്തില്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2024 ടി-20 ലോകകപ്പില്‍ 37 വയസും 58 ദിവസവും ഉള്ളപ്പോള്‍ രോഹിത് ഫിഫ്റ്റി നേടിയിരുന്നു. ഇപ്പോള്‍ ഓസീസിനെതിരെ 37 വയസും 112 ദിവസവുമുള്ളപ്പോളാണ് ഹര്‍മന്‍ ഈ നേട്ടം കൊയ്തത്.

മത്സരത്തില്‍ സ്മൃതി മന്ഥാന (37 പന്തില്‍ 38), ഷെഫാലി വര്‍മ (26 പന്തില്‍ 34), ജെമീമ റോഡ്രിഗസ് (28 പന്തില്‍ 34) എന്നിവരും സ്‌കോര്‍ ചെയ്തു. ഓസീസിന് വേണ്ടി സോഫി മോളിനക്സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ഓസീസിന് ജോര്‍ജിയ വോളിനെ നഷ്ടമായിരുന്നു. ഏറെ വൈകാതെ ബെത് മൂണി (20 പന്തില്‍ 22), ഫോബി ലിച്ച് ഫീല്‍ഡ് (25 പന്തില്‍ 24) എന്നിവര്‍ പുറത്തായി.

അതോടെ എലിസ് പെറി – ആഷ്‌ലി ഗാര്‍ഡ്നര്‍ എന്നിവര്‍ ഒന്നിച്ച് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. പെറി ജയത്തിനരികെ 38 പന്തില്‍ 56 റണ്‍സുമായി മടങ്ങി. പിന്നാലെ ഗാര്‍ഡ്നര്‍ 29 പന്തില്‍ 53 റണ്‍സുമായും ജോര്‍ജിയ വെയര്‍ഹാം രണ്ട് പന്തില്‍ നാല് റണ്‍സുമായും പുറത്താവാതെ നിന്ന് ഓസീസിന് വിജയം സമ്മാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ്ങും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Harmanpreet Kaur In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ