ഗുജറാത്തിനെ അടിച്ച് പരത്തി ക്യാപ്റ്റന്റെ ആറാട്ട്; ബാക് ടു ബാക് ഫിറ്റിയില്‍ തിളങ്ങി ഹര്‍മന്‍
Sports News
ഗുജറാത്തിനെ അടിച്ച് പരത്തി ക്യാപ്റ്റന്റെ ആറാട്ട്; ബാക് ടു ബാക് ഫിറ്റിയില്‍ തിളങ്ങി ഹര്‍മന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 13th January 2026, 11:17 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. നവി മുംബൈയില്‍ നടന്നു മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ രണ്ട് പന്ത് അവശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ മുംബൈക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. 43 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 71* റണ്‍സാണ് ഹര്‍മന്‍ അടിച്ചുകൂട്ടിയത്. 165.12 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഹര്‍മന്‍ മിന്നും പ്രകടനമാണ് നടത്തിയത്. ദല്‍ഹിക്കെതിരെ 42 പന്തില്‍ 74* റണ്‍സ് നേടി പുറത്താകാതെയായിരുന്നു കഴിഞ്ഞ മത്സരത്തിലും ഹര്‍മന്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.

ക്യാപ്റ്റന് പുറമെ അഞ്ചാം സ്ഥാനത്ത് ഇറങ്ങിയ നിക്കോള്‍ കാരി 23 പന്തില്‍ 38* റണ്‍സ് നേടി. അമന്‍ജോത് കൗര്‍ 26 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സും ടീമിന് വേണ്ടി സംഭാവന ചെയ്തിരുന്നു.

അതേസമയം ഗുജറാത്തിന് വേണ്ടി രേണുക സിങ്, കഷ്‌വീ ഗൗതം, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ജോര്‍ജിയ വേര്‍ഹാമുംഭാരതി ഫുല്‍മാലിയുമാണ്. 33 പന്തില്‍ 43* റണ്‍സാണ് ജോര്‍ജിയ നേടിയത്. ഒരു സിക്സും നാല് ഫോറുമായിരുന്നു താരം അടിച്ചത്. ജോര്‍ജിയയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് ഭാരതി ഫുല്‍മാലി 15 പന്തില്‍ 36* റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയത്. മൂന്ന് സിക്സും മൂന്ന് ഫോറുമാണ് താരം അവസാന ഘട്ടത്തില്‍ അടിച്ചെടുത്തത്. 240 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ടീമിന് വേണ്ടി കനിഹ അഹൂജ 35 റണ്‍സും ഓപ്പണര്‍ ബെത് മൂണി 33 റണ്‍സും നേടിയായിരുന്നു മടങ്ങിയത്.

അതേസമയം ഷബനിം ഇസ്‌ലാം, ഹെയ്‌ലി മാത്യൂസ്, നിക്കോള കെറി, അനേലിയ കെര്‍ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തില്‍ വലിയ സ്‌കോര്‍ തന്നെയാണ് ഗുജറാത്ത് ഹര്‍മനും സംഘത്തിനും മുന്നില്‍ വെച്ചത്. എന്നിരുന്നാലും പോയിന്റ് ടേബിളില്‍ മുന്നേറാന്‍ മുംബൈക്ക് വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

Content Highlight: Harmanpreet Kaur In Great Performance Against Gujarat Gaints

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ