ചരിത്രം, ഐതിഹാസികം... തോറ്റ മത്സരത്തിലും ചരിത്രമെഴുതി ക്യാപ്റ്റന്‍; സ്വന്തം മണ്ണില്‍ വീണ്ടും കാലിടറി ഇന്ത്യ
ICC Women's World Cup
ചരിത്രം, ഐതിഹാസികം... തോറ്റ മത്സരത്തിലും ചരിത്രമെഴുതി ക്യാപ്റ്റന്‍; സ്വന്തം മണ്ണില്‍ വീണ്ടും കാലിടറി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th October 2025, 6:49 am

ഐ.സി.സി വനിതാ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യയ്ക്കായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തിളങ്ങിയെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. സ്മൃതി മന്ഥാന 94 പന്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ 70 പന്തില്‍ 70 റണ്‍സുമായാണ് ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഹര്‍മനെ തേടിയെത്തി. ഐ.സി.സി വനിതാ ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ഹര്‍മന്‍ തിളങ്ങിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും കൗര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

ഐ.സി.സി വനിതാ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ഡെബോറ ഹോക്‌ലി – ന്യൂസിലാന്‍ഡ് – 43 – 1501

മിതാലി രാജ് – ഇന്ത്യ – 36 – 1,321

ജാനറ്റ് ബ്രിട്ടിന്‍ – ഇംഗ്ലണ്ട് – 35 – 1,299

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 28 – 1,231

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 29 – 1,208

ബെലിന്‍ഡ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 26 – 1,151

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 27 – 1,017

നാറ്റ് സിവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 21 – 996

ഇതിനൊപ്പം ഐ.സി.സി ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത് ഇന്ത്യന്‍ താരമാകാനും ഹര്‍മന് സാധിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2,278), വിരാട് കോഹ്‌ലി (1,795), രോഹിത് ശര്‍മ (1,743), മിതാലി രാജ് (1,321) സൗരവ് ഗാംഗുലി (1,006) എന്നിവരാണ് ഐ.സി.സി ഏകദിന ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഹീതര്‍ നൈറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 91 പന്ത് നേരിട്ട താരം 15 ഫോറും ഒരു സിക്‌സറും അടക്കം 109 റണ്‍സ് നേടി. അര്‍ധ സെഞ്ച്വനറി നേടിയ ആമി ജോണ്‍സിന്റെ പ്രകടവും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി. 68 പന്തില്‍ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ 49 പന്തില്‍ 38 റണ്‍സും ടാസ്മിന്‍ ബ്യൂമൗണ്ട് 43 പന്തില്‍ 22 റണ്‍സും സ്വന്തമാക്കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288ലെത്തി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ നാല് വിക്കറ്റുമായി തിളങ്ങി. എന്‍. ചാരിണി രണ്ട് വിക്കറ്റെടുത്തപ്പോള്‍ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ റണ്‍ ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷമായിരുന്നു പരാജയത്തിലേക്ക് വീണത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറമെ സൂപ്പര്‍ താരം ദീപ്തി ശര്‍മയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 57 പന്ത് നേരിട്ട താരം 50 റണ്‍സിന് പുറത്തായി.

47ാം ഓവറിലെ അഞ്ചാം പന്തില്‍ ദീപ്തി ശര്‍മയെ സോഫി എക്കല്‍സ്റ്റോണ്‍ പുറത്താക്കിയതായിരുന്നു മത്സരത്തിലെ വഴിത്തിരിവ്.

അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലിന്‍സി സ്മിത് വിട്ടുകൊടുത്താകട്ടെ വെറും ഒമ്പത് റണ്‍സും.

ഈ വിജയത്തിന് പിന്നാലെ സെമി ഫൈനല്‍ ഉറപ്പിക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. കളിച്ച മത്സരത്തില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിക്കുന്ന മൂന്നാം ടീമായത്. അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. അതേസമയം, തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങിയ ഇന്ത്യ നാല് പോയിന്റുമായി നാലാമതാണ്.

ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍.

 

Content Highlight: Harmanpreet Kaur becomes 2nd Indian batter to complete 1,000 runs ins WWCs