വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യൂ.പി.എല്‍) ഗുജറാത്ത് ജയന്റസിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും ഹര്‍മന്റെ സംഘത്തിന് നേടാനായി.
മുംബൈക്കായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. 43 പന്തില്‍ നിന്ന് പുറത്താകാതെ 71 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയായിരുന്നു ക്യാപ്റ്റന്റെ വെടിക്കെട്ട്. 165.12 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ ഹര്‍മന്‍ തന്നെയാണ് കളിയിലെ താരമായത്.
Photo: Mumbai Indians/x.com
മറ്റൊരു മത്സരത്തില്‍ കൂടി പ്ലെയര്‍ ഓഫ് ദി മാച്ച് (പി.ഒ. ടി.എം) നേടിയതോടെ തന്റെ അവാര്‍ഡ് നേട്ടം ഹര്‍മന്‍ ഒമ്പതായി ഉയര്‍ത്തി. 30 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും പി.ഒ. ടി.എം സ്വന്തമാക്കിയത്. ഡബ്ല്യൂ.പി.എല്ലില്‍ മറ്റെല്ലാ ക്യാപ്റ്റന്‍മാരെയും കടത്തിവെട്ടിയാണ് താരത്തിന്റെ ഈ കുതിപ്പ്.
ടൂര്‍ണമെന്റിന്റെ ചരിത്രം എടുത്ത് പരിശോധിക്കുമ്പോള്‍ ഹര്‍മന്റെ അത്ര പി.ഒ. ടി.എം സ്വന്തമാക്കിയ ക്യാപ്റ്റന്മാര്‍ വേറെയില്ല. മറ്റെല്ലാ ക്യാപ്റ്റന്മാരും കൂടി അഞ്ച് തവണ മാത്രമാണ് കളിയിലെ താരം എന്ന നേട്ടത്തിന് അര്‍ഹരായത്. ഈ കണക്കുകള്‍ ഹര്‍മന്‍ എന്ന ക്യാപ്റ്റന്റെ മികവ് തെളിയിക്കുന്നതാണ്.