ഇന്നേവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും വലിയ വിജയം; ധോണിയും വിരാടും ഹര്‍മന് പിന്നില്‍!
Cricket
ഇന്നേവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും വലിയ വിജയം; ധോണിയും വിരാടും ഹര്‍മന് പിന്നില്‍!
ശ്രീരാഗ് പാറക്കല്‍
Monday, 13th July 2026, 10:08 pm

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 270 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ഇതോടെ ലോര്‍ഡ്‌സില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ വിജയം സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

സ്‌കോര്‍

ഇന്ത്യ – 285 & 341/7 d

ഇംഗ്ലണ്ട് – 170 & 186 (T: 457)

ഇംഗ്ലണ്ടിനെ ചാരമാക്കിയതോടെ ഒരു ചരിത്ര നേട്ടത്തില്‍ ഇടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്‍ ക്യാപ്റ്റനമാരായ വിരാട് കോഹ്‌ലിയെയും എം.എസ്. ധോണിയെയും പിന്നിലാക്കിയാണ് ഹര്‍മന്‍ ചരിത്ര വിജയം നേടിയത്.

ലോര്‍ഡ്‌സില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിജയങ്ങള്‍ (മെന്‍, വുമണ്‍)

(ക്യാപ്റ്റന്‍, റണ്‍സ്, വര്‍ഷം എന്ന ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – 270 – 2026

വിരാട് കോഹ്‌ലി – 151 – 2021

എം.എസ്. ധോണി – 95 – 2014

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ സ്മൃതി മന്ഥാനയാണ്. 108 പന്തില്‍ നിന്ന് 83 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (58), ദീപ്തി ശര്‍മയും (57) മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് നേടിയ സോഫി എക്കല്‍സ്റ്റോണ്‍ മികവ് പുലര്‍ത്തിയപ്പോള്‍ ലോറന്‍ ഫൈലകര്‍, ഇസ്സി വോങ്, മാഡി വില്ലിയര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ലോറന്‍ ബെല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എമി ജോണ്‍സ് 52 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നേടി. ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 44 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി ക്യാര്യമായ സംഭവാന നല്‍കാന്‍ സാധിച്ചില്ല. ക്രാന്തി ഗൗഡിന്റെ തകര്‍പ്പന്‍ ഫൈഫറില്‍ തകര്‍ന്നടിയുകയായിരുന്നു ഇംഗ്ലണ്ട്. സയാലി സത്ഗരെ, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ദീപ്തി ശര്‍മ ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ യാസ്തിക ഭാട്ടിയയുടെ സെഞ്ച്വറിയിലാണ് ഇന്ത്യ വലിയ സ്‌കോറിലെത്തിയത്. 158 പന്തില്‍ 113 റണ്‍സ് നേടിയാണ് ഭാട്ടിയ അടിച്ചെടുത്തത്. 14 ഫോറുകള്‍ അടക്കമാണ് താരം സെഞ്ച്വറിയടിച്ചത്. മന്ഥാന 70 റണ്‍സും റിച്ചാ ഘോഷ് 50* റണ്‍സും നേടി. ശേഷം മികച്ച ലീഡ് നേടിയതോടെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിനായി സോഫി എക്കല്‍ സ്റ്റോണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ലോറന്‍ ബെല്‍ രണ്ട് വിക്കറ്റും നേടി.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ എമി ജോണ്‍സിന്റെയും സോഫിയുടെയും അര്‍ധ സെഞ്ച്വറി മാത്രമാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. മറ്റാര്‍ക്കും ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണയാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത്.

നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. സയാലി സത്ഗരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ കൊയ്തു. ഇതോടെ ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്ര വിജയവും ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കി.

Content Highlight: Harmanpreet Kaur And Team India Achieve Great Record In Test Cricket At Lords

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ