ഒന്നാമത് ഇനി പെണ്‍കരുത്ത്; വിരാട്-ശ്രേയസ് കൂട്ടുകെട്ടിനെ പടിയിറക്കിവിട്ട് ചരിത്ര നേട്ടം
ICC Women's World Cup
ഒന്നാമത് ഇനി പെണ്‍കരുത്ത്; വിരാട്-ശ്രേയസ് കൂട്ടുകെട്ടിനെ പടിയിറക്കിവിട്ട് ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st October 2025, 11:23 am

ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്, ഐ.സി.സി വനിതാ ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ദിവസം നവി മുംബൈയില്‍ വനിതാ ഏകദിന ചരിത്രത്തിലോ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡ് സ്വന്തമാക്കിയാണ് ഹര്‍മനും സംഘവും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസിനൊപ്പം പടുത്തുയര്‍ത്തിയ 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 226ലാണ്. 88 പന്തില്‍ 89 റണ്‍സ് നേടിയ ഹര്‍മനെ പുറത്താക്കി അന്നബെല്‍ സതര്‍ലാന്‍ഡാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പുറത്താകും മുമ്പ് ജെമീമയ്‌ക്കൊപ്പം ചേര്‍ന്ന് ഒരു ചരിത്ര നേട്ടവും ക്യാപ്റ്റന്‍ കുറിച്ചിരുന്നു. ഐ.സി.സി ഏകദിന നോക്ക്ഔട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്.

2023 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 163 റണ്‍സിന്റെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.

ഐ.സി.സി ഏകദിന ലോകകപ്പ് നോക്ക്ഔട്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്

(റണ്‍സ് – താരങ്ങള്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

167 – ഹര്‍മന്‍പ്രീത് കൗര്‍ & ജെമീമ റോഡ്രിഗസ് – ഓസ്‌ട്രേലിയ – നവി മുംബൈ – 2025*

163 – വിരാട് കോഹ്‌ലി & ശ്രേയസ് അയ്യര്‍ – ന്യൂസിലാന്‍ഡ് – വാംഖഡെ – 2023

137 – ഹര്‍മന്‍പ്രീത് കൗര്‍ & ദീപ്തി ശര്‍മ – ഓസ്‌ട്രേലിയ – ഡെര്‍ബി – 2017

122 – രോഹിത് ശര്‍മ & സുരേഷ് റെയ്‌ന – ബംഗ്ലാദേശ് – മെല്‍ബണ്‍ – 2015

116 – എം.സ്. ധോണി & രവീന്ദ്ര ജഡേജ – ന്യൂസിലാന്‍ഡ് – മാഞ്ചസ്റ്റര്‍ – 2019

ഇതിന് പുറമെ ഹര്‍മന്‍പ്രീത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മറ്റൊരു ചരിത്ര നേട്ടത്തില്‍ ഇടം നേടാന്‍ ജെമീമയ്ക്കും സാധിച്ചു. ഐ.സി.സി നോക്ക്ഔട്ടുകളില്‍ ഇന്ത്യയ്ക്കായി ഏകദിന സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ജെമീമ കാലെടുത്ത് വെടച്ചത്.

ഐ.സി.സി ഏകദിന ലോകകപ്പ് നോക്ക്ഔട്ടുകളില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – ഓസ്‌ട്രേലിയ – 171* – ഡെര്‍ബി – 2017

രോഹിത് ശര്‍മ – ബംഗ്ലാദേശ് – 137 – മെല്‍ബണ്‍ – 2015

ജെമീമ റോഡ്രിഗസ് – ഓസ്‌ട്രേലിയ – 127* – നവി മുംബൈ – 2025*

വിരാട് കോഹ്‌ലി – ന്യൂസിലാന്‍ഡ് – 117 – വാംഖഡെ – 2023

സൗരവ് ഗാംഗുലി – കെനിയ – 111* – ഡര്‍ബന്‍ – 2002

ശ്രേയസ് അയ്യര്‍ – ന്യൂസിലാന്‍ഡ് – 105 – വാംഖഡെ – 2023

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ യുവതാരം ഫോബ് ലീച്ച്ഫീല്‍ഡിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 93 പന്ത് നേരിട്ട് 119 റണ്‍സുമായാണ് ലീച്ച്ഫീല്‍ഡ് തിരിച്ചുനടന്നത്. 17 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

എലിസ് പെറി (88 പന്തില്‍ 77), ആഷ്ലീ ഗാര്‍ഡ്ണര്‍ (45 പന്തില്‍ 63) എന്നിവരും ടോട്ടലിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. ഒടുവില്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഓസീസ് 338ന് പുറത്തായി.

ഇന്ത്യയ്ക്കായി എന്‍. ചാരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അമന്‍ജോത് കൗര്‍, രാധ യാദവ്, ക്രാന്തി ഗൗഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മൂന്ന് ഓസീസ് താരങ്ങള്‍ റണ്‍ ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലിയെ ആതിഥേയര്‍ക്ക് നഷ്ടമായി. അധികം വൈകാതെ 24 റണ്‍സ് നേടി സ്മൃതി മന്ഥാനയും തിരിച്ചുനടന്നു.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 88 പന്തില്‍ 89 റണ്‍സ് നേടിയ ഹര്‍മനെ മടക്കി അന്നബെല്‍ സതര്‍ലാന്‍ഡാണ് കൂട്ടുകെട്ട് പൊളിച്ചത്. ഐ.സി.സി ഏകദിന നോക്ക്ഔട്ടില്‍ തിളങ്ങുന്ന പതിവ് കൗര്‍ ഇത്തവണയും തെറ്റിച്ചില്ല.

പിന്നാലെയെത്തിയ ദീപ്തി ശര്‍മ (17 പന്തില്‍ 24), റിച്ച ഘോഷ് (16 പന്തില്‍ 26). അമന്‍ജോത് കൗര്‍ (എട്ട് പന്തില്‍ പുറത്താകാതെ 26) എന്നിവരെ ഒപ്പം കൂട്ടി ജെമീമ വിജയലക്ഷ്യം മറികടന്നു. 14 ഫോറിന്റെ അകമ്പടിയോടെ 134 പന്തില്‍ നിന്നും പുറത്താകാതെ 127 റണ്‍സാണ് ജെമീമ നേടിയത്. കളിയിലെ താരവും ജെമീമ തന്നെ.

 

Content Highlight: Harmanpreet Kaur and Jemimah Rodrigues set the record of highest Partnership for India in ODI World Cup knockouts