നാല് മത്സരം, 152.0ല്‍ 304 റണ്‍സ്; സെമി ഫൈനലില്‍ ഇവള്‍ തന്നെ നമ്മുടെ തുറുപ്പുചീട്ട്
ICC Women's World Cup
നാല് മത്സരം, 152.0ല്‍ 304 റണ്‍സ്; സെമി ഫൈനലില്‍ ഇവള്‍ തന്നെ നമ്മുടെ തുറുപ്പുചീട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 2:53 pm

ഐ.സി.സി വനിതാ ലോകകപ്പിന്റെ റണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയാണ് വേദി. ടൂര്‍ണമെന്റിലിതുവരെ അപരാജിതരായി മുന്നേറിയ ഓസ്‌ട്രേലിയ ഇന്ത്യയുടെ മുമ്പില്‍ വലിയ വെല്ലുവിളി തന്നെയാണ്.

എന്നാല്‍ നിലവില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ടീം ഇന്ത്യ ഓസ്‌ട്രേലിയ എന്ന കടമ്പ മറികടക്കാന്‍ പോന്നവര്‍ തന്നെയാണ്. ഹര്‍മന്‍പ്രീത് കൗര്‍ എന്ന ക്യാപ്റ്റന്റെ കഴിവില്‍ ആരാധകര്‍ അത്ര കണ്ട് വിശ്വസിക്കുന്നുണ്ട്.

ഐ.സി.സിഏകദിന ടൂര്‍ണമെന്റുകളുടെ നോക്ക്ഔട്ട് വേദികളില്‍ ഹര്‍മന്‍ ഒരിക്കല്‍പ്പോലും നിരാശപ്പെടുത്തിയിട്ടില്ല. ആകെ കളിച്ച നാല് നോക്ക്ഔട്ട് മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം നേടിയത് 152.00 ശരാശരിയില്‍ 304 റണ്‍സ്.

41*, 171*, 51, 41 എന്നിങ്ങനെയാണ് നോക്ക്ഔട്ടുകളില്‍ ഹര്‍മന്റെ സ്‌കോര്‍. ഇതില്‍ 171 റണ്‍സ് പിറന്നതാകട്ടെ 2017 ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെയും.

ഹര്‍മന്റെ കരുത്തില്‍ ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന് ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. വനിതാ ലോകകപ്പില്‍ ഇന്ത്യ നോക്ക്ഔട്ടില്‍ പരാജയപ്പെടുത്തിയ ഏക മത്സരവും ഇത് തന്നെയായിരുന്നു.

20 ഫോറും അഞ്ച് സിക്‌സറും അടക്കം 148.70 പ്രഹരശേഷിയിലാണ് ഹര്‍മന്‍ പുറത്താകാതെ 171 റണ്‍സ് നേടിയത്.

ഐ.സി.സി വനിതാ ലോകകപ്പ് നോക്ക്ഔട്ട് മാച്ചിലെ ഏറ്റവുമുയര്‍ന്ന വ്യക്തഗത സ്‌കോറിന്റെ റെക്കോഡും അന്ന് ഹര്‍മന്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡ് ഇന്നും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരില്‍ തന്നെയാണ്.

2017ല്‍ പുറത്തെടുത്ത അതേ പ്രകടനം താരം ഇത്തവണയും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് വീണ്ടും മറ്റൊരു ലോകകപ്പ് ഫൈനല്‍ കൂടി കളിക്കാം. ചരിത്രത്തില്‍ ഇതുവരെ ഒറ്റ ഐ.സി.സി സീനിയര്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

 

Content Highlight: Harmanpreet Kaur always shines in ICC W ODI knockouts