ഈ അര്‍ധ സെഞ്ച്വറി അപമാനിച്ച സ്വന്തം കോച്ചിനുള്ള മറുപടി; ആദ്യ ജയത്തിനും കാരണക്കാരിയായി ഹര്‍ലീന്‍
WPL
ഈ അര്‍ധ സെഞ്ച്വറി അപമാനിച്ച സ്വന്തം കോച്ചിനുള്ള മറുപടി; ആദ്യ ജയത്തിനും കാരണക്കാരിയായി ഹര്‍ലീന്‍
ആദര്‍ശ് എം.കെ.
Friday, 16th January 2026, 7:03 am

വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യു.പി വാറിയേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു വാറിയേഴ്‌സിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ വാറിയേഴ്‌സ് മറികടക്കുകയായിരുന്നു. ഹര്‍ലീന്‍ ഡിയോളിന്റെ വെടിക്കെട്ടിലാണ് വാറിയേഴ്‌സ് വിജയം സ്വന്തമാക്കിയത്.

View this post on Instagram

A post shared by UP Warriorz (@upwarriorz)

നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ഹര്‍ലീന്‍ 39 പന്ത് നേരിട്ട് പുറത്താകാതെ 64 റണ്‍സാണ് അടിച്ചെടുത്തത്. 12 ഫോറുള്‍പ്പടെ 164.10 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തില്‍ ഏറ്റവും മികച്ച പ്രഹരശേഷിയില്‍ ബാറ്റ് വീശിയ താരവും ഹര്‍ലീന്‍ തന്നെയായിരുന്നു.

വാറിയേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹര്‍ലീനെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും തേടിയെത്തി.

ഹര്‍ലീന്റെ ഈ അര്‍ധ സെഞ്ച്വറിയും പുരസ്‌കാരനേട്ടവും ഒരാള്‍ക്കുള്ള മറുപടി തന്നെയാണ്. മറ്റാര്‍ക്കുമല്ല, വാറിയേഴ്‌സ് പരിശീലകന്‍ അഭിഷേക് നായര്‍ക്ക്.

മുമ്പ് നടന്ന മത്സരത്തില്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് വെറും മൂന്ന് റണ്‍സ് മാത്രമകലെ നില്‍ക്കവെ അഭിഷേക് നിര്‍ബന്ധിച്ച് ഹര്‍ലീനിനെ റിട്ടയര്‍ഡ് ഹര്‍ട്ടായി തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 36 പന്തില്‍ 47 റണ്‍സ് നേടി ക്രീസില്‍ തുടരവെയാണ് അഭിഷേക് ഹര്‍ലീനിനോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്. തന്നെയാണോ തിരിച്ചുവിളിക്കുന്നതെന്ന് ആശ്ചര്യത്തോടെ ഹര്‍ലീന്‍ ചോദിക്കുന്നതും കാണാമായിരുന്നു.

പുറത്താകേണ്ടി വന്നതിന്റെ എല്ലാ നിരാശയും വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ലീന്‍ തിരിച്ചുനടന്നത്.

17ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ലീന്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായതിന് ശേഷം യു.പി വാറിയേഴ്‌സ് നേരിട്ടത് 18 പന്തുകളാണ്. ഇതില്‍ നിന്നും നേടാന്‍ സാധിച്ചതാകട്ടെ വെറും 13 റണ്‍സ് മാത്രം, അഞ്ച് വിക്കറ്റുകളും ടീമിന് നഷ്ടപ്പെട്ടു.

അര്‍ധ സെഞ്ച്വറിക്ക് തൊട്ടുമുമ്പ് ഹര്‍ലീലിനെ തിരിച്ചുവിളിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് അഭിഷേക് നായര്‍ നേരിട്ടത്. ഒരു താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തീരുമാനമാണ് ഒരു കോച്ച് എന്ന നിലയില്‍ കൈക്കൊണ്ടതെന്നും എന്നാല്‍ ആ തീരുമാനം അമ്പേ പാളിയെന്നും ആരാധകര്‍ വിമര്‍ശിച്ചിരുന്നു.

ഹര്‍ലീലിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും കരുത്തില്‍ വാറിയേഴ്‌സ് നിശ്ചിത ഓവറിവല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് ഷെഫാലി വര്‍മയുടെ കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപ്പിറ്റല്‍സിനെതിരെ നേടാന്‍ സാധിക്കാതെ പോയ അര്‍ധ സെഞ്ച്വറി മുംബൈ ഇന്ത്യന്‍സിനെതിരെ നേടിക്കൊണ്ടാണ് ഹര്‍ലീന്‍ മറുപടി നല്‍കിയത്. ഒപ്പം ടീമിന് ആദ്യ വിജയവും സമ്മാനിച്ചു.

നാല് മത്സരത്തില്‍ നിന്നും ഒരു ജയവും മൂന്ന് തോല്‍വിയുമായി രണ്ട് പോയിന്റോടെ പട്ടികയില്‍ അവസാന സ്ഥാനത്താണ് വാറിയേഴ്‌സ്. നാളെയാണ് ടീമിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് എതിരാളികള്‍.

 

Content Highlight: Harleen Deol’s brilliant 50 against MI after controversial retired hurt incident

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.