താടി കാരണം പല റോളുകളും നഷ്ടപ്പെട്ടു; വടിക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു: ഹരിശ്രീ അശോകന്‍
Malayalam Cinema
താടി കാരണം പല റോളുകളും നഷ്ടപ്പെട്ടു; വടിക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 12:37 pm

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് മലയാള സിനിമയിലെ ഹാസ്യതാരമായി മാറുകയും ചെയ്ത നടനാണ് ഹരിശ്രീ അശോകന്‍. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് ഹരിശ്രീ അശോകന്‍  തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടന്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

അടുത്തിടെ വന്ന കേരള ക്രൈം ഫയല്‍സില്‍ അശോകന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
കരിയറില്‍ ചെയ്ത മിക്ക സിനിമകളിലും താടിയോടുകൂടിയാണ് നടന്‍ അഭിനയിച്ചത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുമുള്ള അഭിമുഖത്തില്‍ താടി കാരണം തനിക്ക് സിനിമയില്‍ പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘താടി കാരണമാണ് പല റോളുകളും എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്. താടി വടിച്ചിട്ട് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പല സംവിധായകന്‍മാരും വേണ്ട എന്നാണ് പറഞ്ഞത്. ‘ഇതാണ് നിന്റെ ഐഡന്റിറ്റി ഇത് വെച്ച് നിന്നെ ഇഷ്ടപ്പെട്ടു’എന്നാണ് പറഞ്ഞത്. ഞാന്‍ താടി വടിക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞ സംവിധായകരുണ്ട്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

തന്റെ ഒരേ താടി വെച്ചാണ് ഭിക്ഷക്കാരനായി അഭിനയിച്ചതെന്നും അനിയത്തി പ്രാവിലെ കോളേജ് സ്റ്റുഡന്റാകുന്നതും കൃഷ്ണനാകുന്നതുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ അന്നേ ഈ താടിയൊക്കെ വടിച്ചിട്ട് പല ടൈപ്പ് റോളുകള്‍ ചെയ്തിരുന്നെങ്കില്‍ കുറച്ച് കഥാപാത്രങ്ങള്‍ കൂടെ ചെയ്യാമായിരുന്നു. പിന്നെ മറ്റൊരു വശമുണ്ട്, ഇതൊക്കെ കിട്ടുമ്പോള്‍ കിട്ടുന്ന പരിപാടിയാണ്. കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഒരൊറ്റ തരംഗത്തില്‍ നമ്മള്‍ക്ക് കുറേ പടങ്ങള്‍ ചെയ്ത് മറ്റുള്ളവരെ ഇഷ്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight:  Harisree Ashokan says he had limitations in the movies because of his beard