സത്യസന്ധനുമാണ് പാവവുമാണ് ആ കഥാപാത്രം; ഇതൊക്കെയാണ് സ്‌ക്രിപ്റ്റ്: ഹരിശ്രീ അശോകന്‍
Malayalam Cinema
സത്യസന്ധനുമാണ് പാവവുമാണ് ആ കഥാപാത്രം; ഇതൊക്കെയാണ് സ്‌ക്രിപ്റ്റ്: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 3:46 pm

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ഹരിശ്രീ അശോകന്‍. 90കളില്‍ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെങ്കിലും ഹാസ്യതാരം എന്ന നിലയിലാണ് ഹരിശ്രീ അശോകനെ മലയാളിക്ക് കൂടുതല്‍ ഇഷ്ടം.

ഹരിശ്രീ അശോകന്‍ അന്വശരമാക്കി തീര്‍ത്ത കഥാപാത്രമാണ് പഞ്ചാബി ഹൗസിലെ രമണന്‍. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പഞ്ചാബി ഹൗസിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയിലെ രമണന്റെ അവസാന സ്വീകന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘പഞ്ചാബി ഹൗസില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അവസാനത്തെ ഒരു സീക്വന്‍സ് ഉണ്ട്. അത് വല്ലാത്ത ഒരു സീനാണ്. അതാണ് സ്‌ക്രിപ്റ്റിങ് എന്ന് പറയുന്നത്. കാരണം ഇത്രയും കളിച്ചു നടന്ന ഒരു കഥാപാത്രത്തെ കൊണ്ടുപോയി എന്‍ഡ് ചെയ്യിക്കുന്നത് അങ്ങനെയാണ്. ആ മോതിരം കൈമാറുന്നിടത്താണ് ആ ക്യാരക്ടറിനെ സിനിമയില്‍ കൊണ്ടുപോയി അവസാനിപ്പിക്കുന്നത്. ‘എന്റെ കയ്യില്‍ ഇതേ ഉള്ളെടാ.

ഇത് നിന്റെ വിരലില്‍ പാകമാകില്ല. നിനക്ക് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ആ കുഞ്ഞിന്റെ വിരലിലിടാം’ എന്ന് പറഞ്ഞാണ് ആ കഥാപാത്രത്തെ അവസാനിപ്പിച്ചത്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

രമണന്‍ എന്ന കഥാപാത്രം ജീവിതത്തില്‍ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്നും അയാള്‍ വളരെ സത്യസന്ധനാണെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച ഗംഗാധരന്‍ മുതലാളി കള്ളം പറയുന്നുണ്ടെന്നും പക്ഷേ അത് നിലനില്‍പ്പിന് വേണ്ടിയാണെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

‘ചിലപ്പോള്‍ എന്റെ ഈ ഇന്റര്‍വ്യൂയില്‍ ഞാന്‍ പറയുന്നത് കേട്ടാകും ഇത് ശരിയാണല്ലോ എന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നത്. സത്യസന്ധനാണ് അദ്ദേഹം, പാവവുമാണ്. രണ്ടുപേരും പാവമാണ്,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content highlight: harisree ashokan  about his character in Punjabi House and Raman’s final scene  in the film