ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും ഹാസ്യകഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ട സി.ഐ.ഡി മൂസ, പാണ്ടിപ്പട, കൊച്ചിരാജാവ്, പഞ്ചാഹിഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചടുക്കാന്‍ ഹരിശ്രീ അശോകന് സാധിച്ചിട്ടുണ്ട്.

Photo: Times Now

ഹരിശ്രീ അശോകന്റെ വഴിയെ മകന്‍ അര്‍ജുന്‍ അശോകനും മലയാള സിനിമയില്‍ സജീവമാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ അര്‍ജുന്‍ ഇന്ന് മലയാളത്തില്‍ മിനിമം മാര്‍ക്കറ്റ് വാല്യൂവുള്ള നായകനടനെന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരഭമായ പറവയിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ജുന്റേതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചത്താ പച്ച തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

അസിസ്റ്റന്റ് ഡയറക്ടാറാക്കാന്‍ വേണ്ടി ഹരിശ്രീ അശോകന്‍ അര്‍ജുനെ സൗബിനടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നെങ്കിലും തന്റെ ആദ്യ ചിത്രത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ അര്‍ജുന് സൗബിന്‍ അവസരം നല്‍കുകയായിരുന്നു. രോമാഞ്ചം, ഭ്രമയുഗം, അബ്രഹാം ഓസ്ലെര്‍ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഭാഗമായ അര്‍ജുന്‍ നിമിഷ നേരത്തേക്കെങ്കിലും പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. മോഹന്‍ലാലിനൊപ്പം വിവാഹ വീട്ടില്‍ വെച്ചുള്ള കോമ്പിനേഷന്‍ സീനിലായിരുന്നു താരം അഭിനയിച്ചത്. ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്ത കഥാപാത്രമാണെങ്കിലും തിയേറ്ററില്‍ കൈയടി വാങ്ങാന്‍ അര്‍ജുന് സാധിച്ചിരുന്നു.

തുടരുo. Photo: Ott Play

ചെറുതെങ്കിലും തുടരുമിലെ റോള്‍ അര്‍ജുന്‍ ചോദിച്ച് വാങ്ങിയതാണെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അവന്‍ തന്നെ പോലെ തന്നെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവസരം ചോദിക്കുമെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. മോഹന്‍ലാലിന്റെ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ പ്രൊഡ്യൂസര്‍ രഞ്ജിത്തായി സംസാരിച്ച് ചെറിയ വേഷമാണെങ്കിലും അത് അദ്ദേഹത്തിന്റെ ഒപ്പം ചെയ്‌തെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Harishree Ashokan talks about his son Arjun Ashokan’s passion for acting