ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയാണ് അര്‍ജുന്‍ അശോകന്‍.
ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തലവരയിലെ അര്‍ജുന്‍ അശോകന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. അര്‍ജുന്‍ അശോകന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് തലവര.
‘എന്റെ മകനായതുകൊണ്ട് ഞാന്‍ പറയുന്നതല്ല. വളരെ ഗംഭീരമായിട്ട് അവന്‍ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. സിനിമ കണ്ട് ഞാന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി അവനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു. കാരണം അത്ര ഗംഭീരമായിട്ട് അവന്‍ അഭിനയിച്ചിട്ടുണ്ട്. ആ വേഷം ചെയ്യാനായിട്ട് വളരെ ബുദ്ധിമുട്ടാണ്. അതിന്റെ ഒരു മീറ്റര്‍ പിടിക്കേണ്ടതുണ്ട്. വേറേ ലെവലിലാണ് അത് ചെയ്തിരിക്കുന്നത്.
എന്റെ മകന്‍ എന്ന രീതിയില്‍ അവനെ ഞാന്‍ പ്രശംസിക്കുന്നതല്ല. ആ വേഷം എനിക്ക് ഭയങ്കര ഇഷ്ടമായി. എന്നോട് പലരും വിളിച്ചിട്ട് പറഞ്ഞിരുന്നു, അര്‍ജുന്‍ ഗംഭീരമായിട്ട് ചെയ്തിട്ടുണ്ടെന്ന്. പക്ഷേ ആ സിനിമ ഇനിയും ആളുകള്‍ കാണണം,’ ഹരിശ്രീ അശോകന്‍ പറയുന്നു.
അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത് 2025 ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍ എത്തിയ സിനിമയാണ് തലവര. സിനിമയില്‍ അര്‍ജുന്‍ അശോകനും രേവതി ശര്‍മയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
വെള്ളപ്പാണ്ട് ബാധിതനായ ജ്യോതിഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ ജ്യോതിഷ് എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്.
Content highlight: Harishree Ashokan is talking about Arjun Ashokan’s performance in Thalavara