മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച സിനിമയായിരുന്നു ഹരികൃഷ്ണൻസ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ജൂഹി ചൗളയാണ് മീരയെന്ന കഥാപാത്രത്തെ അവതിരിപ്പിച്ചത്.
മീരയുടെ സുഹൃത്തായി എത്തിയ കഥാപാത്രമാണ് ഗുപ്തൻ. മീരയെ കവിത വായിക്കാൻ പ്രേരിപ്പിച്ചും തിളച്ച ചായ ഊതി കുടിക്കാൻ പഠിപ്പിച്ചതും ഗുപ്തനാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്ത ഛായാഗ്രാഹകനായ രാജീവ് മേനോനായിരുന്നു.
1998ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഇന്നസെന്റ്, ബേബി ശാമിലി, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരട്ട ക്ലൈമാക്സെന്ന അപൂർവത ഒളിപ്പിച്ച് പുറത്തിറങ്ങിയ ചിത്രം കൂടിയായ ഹരികൃഷ്ണൻസ് അന്നും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.
മമ്മൂട്ടി, മോഹൻലാൽ എന്ന രണ്ട് അതുല്യ പ്രതിഭകൾ ഉള്ളതിനാൽ തന്നെ ക്ലൈമാക്സ് എങ്ങനെ വേണമെന്ന് ആരാധകർക്ക് തന്നെ തീരുമാനിക്കാം. മമ്മൂട്ടി ആരാധകർക്ക് താരം അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തെ മീരയുടെ ഒന്നിപ്പിക്കാം. അതേ സമയം മോഹൻലാലിന്റെ ആരാധകർക്ക് മീരയോടൊപ്പം കൃഷ്ണനെ ഒന്നിപ്പിക്കുന്ന എൻഡിങ്ങും നൽകാം.
എന്നാൽ ഇപ്പോൾ ഹരിയേയും കൃഷ്ണനേയും മീരയോടൊപ്പം ഒന്നിപ്പിച്ച ഒരു എ.ഐ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘മീര ആരോടൊപ്പം ഒന്നിക്കണം എന്നായിരുന്നു ആഗ്രഹം’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്.
ഈ പോസ്റ്റ് വീണ്ടും ആ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ഇഷ്ടനായകരുടെ പേരുകൾ കമന്റായി രേഖപ്പെടുത്തുന്നത്.
അവരുടെ കുസൃതികളും സൂപ്പർഹിറ്റ് പാട്ടുകളും അതുല്യമായ സൗഹൃദവും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരേ സമയം രണ്ട് സൂപ്പർതാരങ്ങളെയും ഒന്നിപ്പിച്ച് ഫാസിൽ ഒരുക്കിയ ആ ഇരട്ട ക്ലൈമാക്സ് അന്ന് തിയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ചില്ലറയായിരുന്നില്ലെന്നും ആരാധകർ കമന്റുകളിൽ പറയുന്നു.
അതേസമയം, രണ്ടുപേരെയും ഉപേക്ഷിച്ച് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സുദർശനൻ എന്ന കഥാപാത്രം കല്യാണം കഴിക്കണം എന്നിങ്ങനെ രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.