ഒരുകാലത്ത് ലോഹിതദാസ് എന്ന വിലാസം ബാധ്യത; തിരക്കഥയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍: ഹരികൃഷ്ണന്‍ ലോഹിതദാസ്
Malayalam Cinema
ഒരുകാലത്ത് ലോഹിതദാസ് എന്ന വിലാസം ബാധ്യത; തിരക്കഥയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍: ഹരികൃഷ്ണന്‍ ലോഹിതദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th August 2025, 2:07 pm

 

മലയാളത്തിന്റ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ ലോഹിതദാസിന്റെ മകനാണ് ഹരികൃഷ്ണന്‍ ലോഹിതദാസ്. ചെന്നൈ എല്‍.വി പ്രസാദ് അക്കാദമിയില്‍ പഠിച്ച അദ്ദേഹം വേണു, ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ ഛായാഗ്രാഹകരുടെ കൂടെ അസിസ്റ്റന്റായി വര്‍ക്കുചെയ്തു. പിന്നീട്
ഷോര്‍ട് ഫിലിമുകള്‍ക്ക് ക്യാമറ ചലിപ്പിച്ച് സിനിമയിലേക്കെത്തി.

പ്രളയശേഷം ഒരു ജലകന്യക എന്ന ചിത്രത്തിനാണ് ഹരികൃഷ്ണന്‍ ആദ്യമായി ക്യാമറ ചലിപ്പിച്ചത്. ദേവദത്ത് ഷാജി സംവിധാനം ചെയ്ത് അടുത്തിടെ റിലീസായ ധീരന്റെയും ക്യാമറ നിര്‍വഹിച്ചത് ഹരികൃഷ്ണനായിരുന്നു. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോഹിതദാസിനെ കുറിച്ച് സംസാരിക്കുകയാണ് ഹരികൃഷ്ണന്‍.

‘ഞങ്ങള്‍ക്ക് കൂടുതല്‍ അനുഭവങ്ങള്‍ തരാന്‍ ശ്രമിച്ച അച്ഛനായിരുന്നു ലോഹിതദാസ് എന്ന വ്യക്തി. പഠിച്ച് വലിയ ആളാവാനോ കാശ് സമ്പാദിക്കാനോ പറയില്ല, നല്ല വ്യക്തിയായാല്‍ മതിയെന്നാണ് അച്ഛന്‍ എപ്പോഴും പറയുക. അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് വളര്‍ന്നുവലുതായപ്പോഴാണ് മനസിലായത്. ക്യാമറ പഠിക്കണം എന്ന ആഗ്രഹം വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാണ്. നാലാംക്ലാസിലൊക്കെ പഠിക്കുമ്പോള്‍ മു തല്‍ അങ്ങനെയൊരു ആഗ്രഹമുണ്ട്. അച്ഛനോട് ആ ആഗ്രഹം അറിയിച്ചിട്ടുമുണ്ട്,’ഹരികൃഷ്ണന്‍ പറയുന്നു.

ആരെയെങ്കിലും അസിസ്റ്റ് ചെയ്യാന്‍ പോകുന്നോ എന്നൊക്കെ അച്ഛന്‍ അവസാനസമയത്ത് ചോദിച്ചിട്ടുണെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ സെറ്റുകളില്‍ താന്‍ ഒരുപാട് പോയിട്ടുണ്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. ഒരു പ്രായമെത്തിയ ശേഷമാണ് സിനിമയുടെ മേക്കിങ് എന്ന പ്രോസസ് ശ്രദ്ധിച്ചുതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ സിനിമാട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു സിനിമ പലവട്ടം ആവര്‍ത്തിച്ച് കാണാറുമുണ്ട്. പിന്നെ എഴുത്ത് ഇഷ്ടമാണ്. ഒരു തിരക്കഥയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ലോഹിതദാസ് എന്ന വിലാസം വലിയ ബാധ്യതയായിരുന്നു ഒരുകാലത്ത്. ഇപ്പോള്‍ അത് കുറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നു തോന്നുന്നു. സിനിമയില്‍ എഴുത്തുകാരനായും ക്യാമറാമാനായും നിലനില്‍ക്കുക എന്നത് വലിയ ആഗ്രഹംതന്നെയാണ്,’ഹരികൃഷ്ണന്‍ പറയുന്നു.

Content Highlight:  Harikrishnan Lohithadas talks about  his film career and A.K. Lohithadas