മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തായ ലോഹിതദാസിന്റെ മകനാണ് ഹരികൃഷ്ണന്‍ ലോഹിതദാസ്. ഷോര്‍ട് ഫിലിമുകള്‍ക്ക് ക്യാമറ ചലിപ്പിച്ച് സിനിമാലോകത്തേക്കെത്തിയ ഹരികൃഷ്ണന്‍ പ്രളയ ശേഷം ഒരു ജലകന്യക എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് സിനിമാലോകത്തേക്കെത്തി. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ധീരന്‍ എന്ന സിനിമയുടെ ഛായാഗ്രഹകനും ഹരികൃഷ്ണനാണ്.
ലോഹിതദാസിനെക്കുറിച്ച് സംസാരിക്കുകയാണ് ഹരികൃഷ്ണന്‍. നിവേദ്യം എന്ന സിനിമയായിരുന്നു ലോഹിതദാസ് അവസാനമായി ചെയ്തതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ആ സിനിമ നിര്‍മിച്ചത് അച്ഛനാണെന്നും ആ സിനിമ പരാജയമായത് സാമ്പത്തികമായി ബാധിച്ചെന്നും ചിലര്‍ ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമയുടെ നിര്‍മാണത്തില്‍ ലോഹിതദാസ് പങ്കാളിയായിട്ടില്ലെന്നും അത് തെറ്റായ വിവരമാണെന്നും അദ്ദേഹം പറയുന്നു. ഒരൊറ്റ സിനിമ മാത്രമാണ് ലോഹിതദാസ് നിര്‍മിച്ചതെന്നും അത് സാമ്പത്തികമായി പരാജയപ്പെട്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.
‘നിവേദ്യം എന്ന സിനിമ അച്ഛന്‍ നിര്‍മിച്ചതാണെന്നും ആ സിനിമ പരാജയപ്പെട്ടപ്പോള്‍ സാമ്പത്തികമായി ബാധിച്ചെന്നും പലരും പറയുന്നത് കേട്ടു. അത് തെറ്റായ വിവരമാണ്. ആ സിനിമ അച്ഛനല്ല പ്രൊഡ്യൂസ് ചെയ്തത്. അച്ഛന് സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ സിനിമയുണ്ട്. കസ്തൂരിമാന്‍ എന്ന പടം തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അച്ഛനാണ് അത് നിര്‍മിച്ചത്.
അത് പരാജയപ്പെട്ടു. ആദ്യത്തെ ദിവസം ആ സിനിമക്ക് ഗംഭീര റെസ്‌പോണ്‍സായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പടം ഹിറ്റാകുമെന്ന് തന്നെ വിചാരിച്ച് ഇരുന്നു. പക്ഷേ, ആ പടം റിലീസായി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു തമിഴ്‌നാട്ടില്‍ വലിയൊരു വെള്ളപ്പൊക്കം വന്ന് തിയേറ്ററൊക്കെ അടച്ചിടേണ്ടി വന്നത്. അത് തിരിച്ചടിയായി. സിനിമ പരാജയമായപ്പോള്‍ സാമ്പത്തികമായി ബാധിച്ചു,’ ഹരികൃഷ്ണന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവര്‍ അഭിനയിച്ച് മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്‍ അതേ പേരില്‍ ലോഹിതദാസ് തമിഴില്‍ ഒരുക്കുകയായിരുന്നു. പ്രസന്നയായിരുന്നു തമിഴിലെ നായകന്‍. മീര ജാസ്മിന്‍ തന്നെയാണ് റീമേക്കിലും നായികയായത്. തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം ഈ ചിത്രത്തിലൂടെ മീര ജാസ്മിന്‍ സ്വന്തമാക്കി.
Content Highlight: Harikrishnan Lohithadas about his father and Kasthooriman Movie