സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്: നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
Entertainment news
സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്: നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th January 2022, 12:55 am

നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കെ ഉയരെ എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. സിദ്ദീക്കേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണെന്ന് അദ്ദേഹം കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സിദ്ദീഖിന്റെ പങ്കിനെ പറ്റി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

‘ഉയരെ എന്ന സിനിമയോട് ചില അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും സിദ്ദീഖും പാര്‍വതിയും ഒന്നിച്ച അഭിനയിച്ച അച്ഛന്‍ മകള്‍ രംഗങ്ങള്‍ മനോഹരമായിരുന്നു…സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍,’ ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ട്രോളാണോയെന്നും, ഈ സമയമാണ് അഭിപ്രായത്തിന് നല്ലതല്ലേ എന്നും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ്.

ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നു.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹാജരായില്ല.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: hareesh peradi facebook post about uyare movie