പ്രിയപ്പെട്ട സത്യേട്ടാ...ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ 'കടക്ക് പുറത്ത്' എന്നുതന്നെ പറയും: ഹരീഷ് പേരടി
Malayala cinema
പ്രിയപ്പെട്ട സത്യേട്ടാ...ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ 'കടക്ക് പുറത്ത്' എന്നുതന്നെ പറയും: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th September 2020, 8:24 am
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയുടെ കൃത്യമായ ഒരു വലത് പക്ഷ രാഷ്ട്രീയം വൈകി മനസിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് ഞാന്‍

കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടന്ന ഒരു അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും സംഘി എന്ന് വിളിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറുക്കന്‍ കല്യാണങ്ങളെ കാണാതെ പോകരുതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി കഥാപാത്രങ്ങള്‍ തന്ന പ്രിയപ്പെട്ട സംവിധായകനാണ് അങ്ങെന്നും എന്നാല്‍ ഇത്തരം കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ സത്യന്‍ അന്തിക്കാടും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള അഭിമുഖം പ്രസിദ്ധീകരിച്ച് വന്നിരുന്നു. അതില്‍ ‘മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാന്‍ തോന്നിയിട്ടുണ്ടോ’ എന്ന് സത്യന്‍ അന്തിക്കാട് ഉമ്മന്‍ ചാണ്ടിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണ് സിനിമാ മേഖലയില്‍ നിന്നുമുള്ളയാള്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.

അടുത്തകാലം വരെ സത്യന്‍ അന്തിക്കാട് സത്യസന്ധതയുള്ള കലാകാരനാണെന്ന് തെറ്റിദ്ധരിച്ച ഒരു പാവം കമ്മ്യൂണിസ്റ്റ്കാരനാണ് താനെന്ന് ഹരീഷ് പറഞ്ഞു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയ്ക്ക് കൃത്യമായ ഒരു വലത് പക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്നും അത് വൈകി മാത്രം മനസിലാക്കിയ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് താനെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഈ അവസരത്തില്‍ താന്‍ പിന്‍വലിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Hareesh Peradi criticizes  Director Sathyan Anthikkad on his controversial question to Oommen Chandy in an interview