ഇന്ത്യയിലേക്കോ മുംബൈ ഇന്ത്യന്‍സിലേക്കോ അല്ല, വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഹര്‍ദിക് പാണ്ഡ്യ
Sports News
ഇന്ത്യയിലേക്കോ മുംബൈ ഇന്ത്യന്‍സിലേക്കോ അല്ല, വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഹര്‍ദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th November 2025, 10:09 am

ഇന്ത്യന്‍ ഡൊമസ്റ്റിക് ടി-20 ഫോര്‍മാറ്റിലൂടെ മടങ്ങിയെത്താന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടിയാണ് ഹര്‍ദിക് കളത്തിലിറങ്ങുന്നത്.

നിലവില്‍ പരിക്കിന്റെ പിടിയില്‍ നിന്നും താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ കഴിയുന്ന താരം ടൂര്‍ണമെന്റില്‍ ടീമിന്റെ ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാം മത്സരത്തില്‍ പാണ്ഡ്യ തീര്‍ച്ചയായും ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

എസ്.എം.എ.ടിക്ക് ശേഷം താരത്തിന് വിശ്രമം ഉണ്ടായേക്കില്ലെന്നും ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 30നാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കുന്നത്. പ്രോട്ടിസായിന് വേണ്ടി കളത്തിലിറങ്ങും മുമ്പ് താരത്തിന് ഒരു മത്സരമെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കും.

ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പാണ്ഡ്യ കഴിഞ്ഞ കുറച്ച് നാളുകളായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തുടരുകയാണ്. പരിക്കിന് പിന്നാലെ പാകിസ്ഥാനെതിരായ ഫൈനലും പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു.

പരിക്ക് കാരണം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പാണ്ഡ്യയക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പ്രോട്ടിസായിനെതിരെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് പാണ്ഡ്യ.

ടൂര്‍ണമെന്റില്‍ എലീറ്റ് ഗ്രൂപ്പ് സി-യിലാണ് ബറോഡ. ബംഗളും സര്‍വീസസും അടക്കമുള്ള ടീമുകള്‍ ഗ്രൂപ്പ് സി-യിലുണ്ട്. നവംബര്‍ 26നാണ് ബറോഡയുടെ ആദ്യ മത്സരം. ബംഗാളാണ് എതിരാളികള്‍.

സയ്യദ് മുഷ്താഖ് അലി ട്രോഫി 2025

എലീറ്റ് ഗ്രൂപ്പ് എ

  • ആന്ധ്രാ പ്രദേശ്
  • അസം
  • ഛത്തീസ്ഗഢ്
  • കേരളം
  • മുംബൈ
  • ഒഡീഷ
  • റെയ്ല്‍വെയ്‌സ്
  • വിദര്‍ഭ

എലീറ്റ് ഗ്രൂപ്പ് ബി

  • ബീഹാര്‍
  • ചണ്ഡിഗഡ്
  • ഗോവ
  • ഹൈദരാബാദ്
  • ജമ്മു കശ്മീര്‍
  • മഹാരാഷ്ട്ര
  • മധ്യപ്രദേശ്
  • ഉത്തര്‍പ്രദേശ്

എലീറ്റ് ഗ്രൂപ്പ് സി

  • ബറോഡ
  • ബംഗാള്‍
  • ഗുജറാത്ത്
  • ഹരിയാന
  • ഹിമാചല്‍ പ്രദേശ്
  • പഞ്ചാബ്
  • പുതുച്ചേരി
  • സര്‍വീസസ്

എലീറ്റ് ഗ്രൂപ്പ് ഡി

  • ദല്‍ഹി
  • ജാര്‍ഖണ്ഡ്
  • കര്‍ണാടക
  • രാജസ്ഥാന്‍
  • സൗരാഷ്ട്ര
  • തമിഴ്‌നാട്
  • ത്രിപുര
  • ഉത്തരാഖണ്ഡ്

പ്ലേറ്റ് ഗ്രൂപ്പ്

  • അരുണാചല്‍ പ്രദേശ്
  • നാഗാലാന്‍ഡ്
  • മേഘാലയ
  • മിസോറാം
  • മണിപ്പൂര്‍
  • സിക്കിം

 

Content Highlight: Hardik Pandya to play Syed Mushtaq Ali Trophy