ജയിച്ചാല്‍ രോഹിത്തിന്റെ ആറ് കപ്പ് റെക്കോഡ് കയ്യീന്ന് പോകും; അനിയന്‍കുട്ടന്‍ ന്നാ സുമ്മാവാ
IPL
ജയിച്ചാല്‍ രോഹിത്തിന്റെ ആറ് കപ്പ് റെക്കോഡ് കയ്യീന്ന് പോകും; അനിയന്‍കുട്ടന്‍ ന്നാ സുമ്മാവാ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th May 2023, 5:05 pm

ഐ.പി.എല്‍ 2023ന്റെ ഫൈനലിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹര്‍ദിക്കിനും സംഘത്തിനും മുമ്പില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട സാമ്രാജ്യം തിരികെ പിടിക്കാനാണ് ധോണിയും സംഘവും ഒരുങ്ങുന്നത്.

ഐ.പി.എല്ലില്‍ അഞ്ചാം കിരീടം നേടാനായി ധോണിയും സംഘവുമിറങ്ങുമ്പോള്‍ കരിയറിലെ ആറാം കിരീടത്തിനാണ് ഹര്‍ദിക് പാണ്ഡ്യ ബാറ്റേന്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ടാം കിരീടമണിയിക്കാനിറങ്ങുമ്പോള്‍ ക്യാപ്റ്റനെ മറ്റൊരു റെക്കോഡും കാത്തിരിപ്പുണ്ട്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടനേട്ടങ്ങളുടെ ഭാഗമായ താരം എന്ന റെക്കോഡാണ് ഹര്‍ദിക്കിനെ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ അഞ്ച് കിരീടം സ്വന്തമായുള്ള ഹര്‍ദിക് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഹോം ഗ്രൗണ്ടിലേക്ക് കാലെടുത്ത് വെക്കുന്നത്.

രോഹിത് ശര്‍മയുടെ പേരിലുള്ള റെക്കോഡാണിത്. ഐ.പി.എല്ലില്‍ മറ്റാരെക്കാളും ഏറ്റവുമധികം കിരീടമുള്ളത് രോഹിത്തിന്റെ പേരിലാണ്. അഞ്ച് തവണ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം സ്വന്തമാക്കിയപ്പോള്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് മറ്റൊരു കിരീടനേട്ടം പിറന്നത്.

2009ലാണ് രോഹിത് ശര്‍മ ആദ്യമായി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഐ.പി.എല്‍ രണ്ടാം സീസണില്‍ ജോഹനാസ്‌ബെര്‍ഗില്‍ വെച്ച് ആര്‍.സി.ബിയെ തകര്‍ത്തപ്പോള്‍ ബോയ്ഹുഡ് ഡ്രീം കൂടിയാണ് പൂവണിഞ്ഞത്.

തുടര്‍ന്ന് താരം മുംബൈയിലെത്തുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ കിരീടനേട്ടത്തിലെല്ലാം രോഹിത് ശര്‍മയും പങ്കാളിയായിരുന്നു. 2013ല്‍ മുംബൈക്ക് ആദ്യ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ 2015ലും 2017ലും 2019ലും 2020ലും കിരീടനേട്ടം ആവര്‍ത്തിച്ചു.

 

 

മുംബൈ ഇന്ത്യന്‍സിന്റെ അവസാന നാല് കിരീടനേട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും പങ്കാളിയായിരുന്നു. മുംബൈക്കൊപ്പം നാല് കിരീടമുയര്‍ത്തിയതിന് ശേഷമാണ് താരം ടീമുമായി തെറ്റിയതും ടീം വിട്ടതും.

 

2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം പാണ്ഡ്യ തന്റെ കരിയറിലെ അഞ്ചാം കിരീടവും താരം തന്റെ പേരിലാക്കി. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്തുകയാണെങ്കില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം കിരീടമേന്തിയ താരം എന്ന രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പം ഹര്‍ദിക്കുമെത്തും.

 

Content highlight: Hardik Pandya to match Rohit Sharma’s record of six titles