ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
അന്താരാഷ്ട്ര ടി-20 കരിയറിലെ അഞ്ചാമത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍ദിക് മറ്റൊരു ചരിത്ര റെക്കോഡും സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യിലെ ഡെത്ത് ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടാണ് പാണ്ഡ്യ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20യില്‍ 16-20 ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം
(താരം – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – 1068* – 174.23
വിരാട് കോഹ്‌ലി – 1032 – 192.54
എം.എസ്. ധോണി – 1014 – 152.02
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 13 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്. 18 പന്തില്‍ 29 റണ്‍സുമായി ഹാരി ബ്രൂക്കും നാല് പന്തില്‍ രണ്ട് റണ്‍സുമായി ജേകബ് ബേഥലുമാണ് ക്രീസില്‍.