'ഞാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്'
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിക്കും. ഇംഗ്ലണ്ടാണ് എതിരാളികള്‍.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ നേരിത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഏകദിന പരമ്പരയും സ്വന്തമാക്കാനും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കൂടുതല്‍ ആത്മവിശ്വാസം നേടാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.
സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാകുമെന്നുറപ്പാണ്. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം നിലവില്‍ മൂന്ന് പേസര്‍മാര്‍ മാത്രമാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതായിരിക്കും.

ഇപ്പോള്‍ ഐ.സി.സി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സംസാരിച്ചു.
ഏറെ സമ്മര്‍ദം നിറഞ്ഞ മത്സരത്തില്‍ വിരാടിനൊപ്പം ചെറുത്ത് നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതില്‍ പാണ്ഡ്യയുടെ പങ്ക് വളരെ വലുതായിരുന്നു. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റും താരം നേടി.
‘ആര് സമ്മര്‍ദത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതിനെ സംബന്ധിച്ചാണ് കാര്യങ്ങളെല്ലാം. ഞാനൊരിക്കലും ഹര്‍ദിക് പാണ്ഡ്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഞാന്‍ എല്ലായ്‌പ്പോഴും ടീമിന് വേണ്ടിയാണ് കളിച്ചത്. ഇന്ത്യക്ക് വേണ്ടിയാണ് ഞാന്‍ കളിച്ചത്,’ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഫെബ്രുവരി 20നാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം.
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: Hardik Pandya said that he never played for himself, he played for India