സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം നാളെ (വ്യാഴം) നടക്കാനിരിക്കുകയാണ്. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു മിന്നും നേട്ടമാണ്. വരാനിരിക്കുന്ന മത്സരത്തില്‍ ഇനി വെറും ഒരു വിക്കറ്റ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 ടി-20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് പാണ്ഡ്യയ്ക്ക് സാധിക്കുക.
പ്രോട്ടിയാസിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന മത്സരത്തില്‍ പാണ്ഡ്യ ഈ നേട്ടം കൈവരിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 ടി-20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും. ഈ നേട്ടത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങാണ്. രണ്ടാമനായത് ബുംറയും.
അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്.
മത്സരത്തില്‍ പാണ്ഡ്യയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്.
5⃣9⃣* with the bat 😎
1⃣/1⃣6⃣ with the ball 🙌
For his impactful all-round show, Hardik Pandya is the Player of the Match 🏆
പുറത്താകാതെയാണ് പാണ്ഡ്യ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 210.17 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കുങ്ഫു പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 100 സിക്സര്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല പ്രോട്ടിയാസിന്റെ ഒരു വിക്കറ്റ് നേടാനും താരത്തിന് സാധിച്ചിരുന്നു.