സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയത് ടീമിന് വലിയ ശക്തി നല്‍കുന്നുണ്ട്.
പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ഹര്‍ദിക്കിന് സാധിക്കുക. അതിനായി പാണ്ഡ്യയ്ക്ക് വേണ്ടത് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ്.
നിലവില്‍ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 108 ഇന്നിങ്‌സില്‍ നിന്ന് നാല് മെയ്ഡന്‍ അടക്കം 98 വിക്കറ്റുകളാണ് താരം നേടിയത്. അതില്‍ 4/16 എന്ന മികച്ച ബൗളിങ് പ്രകടനവും ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2025ല്‍ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലാണ് ഹര്‍ദിക്കിന് പരിക്ക് പറ്റിയത്. ശേഷം പാണ്ഡ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനത്തിലൂടെ ഫിറ്റ്‌നസ് തെളിയിച്ചതോടെയാണ് താരം വീണ്ടും ടീമിലെത്തിയത്.
അതേസമയം പ്രോട്ടിയാസിനെതിരായ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ അടിയറവ് പറഞ്ഞെങ്കിലും ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ പൂര്‍വാധികം ശക്തിയോടെ പ്രോട്ടിയാസ് ഇന്ത്യയ്‌ക്കെതിരെ ടി-20 തന്ത്രങ്ങള്‍ മെനഞ്ഞാകും കളത്തിലെത്തുക.