ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ താരം കളിച്ചേക്കില്ല
DSport
ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ താരം കളിച്ചേക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th September 2025, 11:36 am

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ ഓസ്ട്രേലിയക്കെതിരെയായ വൈറ്റ് ബോള്‍ പരമ്പരയില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇടത് കാലിന്റെ തുടക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. ശ്രീലങ്കക്കെതിരെയായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഹര്‍ദിക്കിന് പരിക്കേറ്റത്.

പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പില്‍ ഫൈനലിലും മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. താരത്തിന് നാല് ആഴ്ചത്തെയെങ്കിലും വിശ്രമം വേണമെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാല്‍ തന്നെ താരം ഓസ്ട്രേലിയക്കെതിരെയുള്ള ടീമില്‍ ഉള്‍പ്പെട്ടേക്കില്ലെന്നാണ് വിവരം.

പരിക്ക് മാറുകയാണെങ്കില്‍ ഹര്‍ദിക് ടി – 20 മത്സരങ്ങളില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി ബി.സി.സി.ഐ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ 19 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. നവംബര്‍ എട്ട് വരെ ഓസ്ട്രേലിയയിലാണ് ഈ പരമ്പര അരങ്ങേറുക.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനമാണ് ഹര്‍ദിക് നടത്തിയത്. കളത്തിലിറങ്ങിയ എല്ലാ മത്സരത്തിലും ഇന്ത്യയ്ക്കായി ബൗള്‍ ഓപ്പണ്‍ ചെയ്തത് താരമായിരുന്നു. ടൂര്‍ണമെന്റില്‍ 8.57 എക്കോണമിയില്‍ പന്തെറിഞ്ഞ് താരം നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കൂടാതെ, 120 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഓള്‍ റൗണ്ടര്‍ 48 റണ്‍സും ടീമിനായി സ്‌കോര്‍ ചെയ്തു.

അതേസമയം, ഓസ്ട്രേലിയക്കെതിരായ പരമ്പര വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ടി – 20യില്‍ നിന്നും ടെസ്റ്റ് നിന്നും വിരമിച്ച സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഈ പാരമ്പരയിലൂടെയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ മാസങ്ങള്‍ക്ക് ശേഷം കളത്തില്‍ ഇറങ്ങുക. ഇരുവരെയും കളിക്കളത്തില്‍ വീണ്ടും കാണാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്.

Content Highlight: Hardik Pandya could miss Australia series due to injury: Report