അങ്ങനെയെങ്കില്‍ സഞ്ജുവിന് പകരം ഇഷാന്‍ ഓപ്പണറാകും: മുന്നറിയിപ്പുമായി മുന്‍ താരം
Cricket
അങ്ങനെയെങ്കില്‍ സഞ്ജുവിന് പകരം ഇഷാന്‍ ഓപ്പണറാകും: മുന്നറിയിപ്പുമായി മുന്‍ താരം
ഫസീഹ പി.സി.
Tuesday, 27th January 2026, 11:23 am

മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങളും ഫോമുമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന്. ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം പരാജയപ്പെട്ടതോടെയാണ് ഈ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. മൂന്നാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായതോടെ പല താരങ്ങളും വിക്കറ്റ് കീപ്പര്‍ ബാറ്ററെ വിമര്‍ശിച്ച് രംഗത്തെത്തി.

മറുവശത്ത് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ബാറ്റിങ്ങില്‍ തിളങ്ങുന്നതും ഈ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സഞ്ജുവിന് ഇന്ത്യന്‍ ടീം ഒന്നോ രണ്ടോ അവസരം കൂടി നല്‍കണമെന്നും അത് ടീമിന്റെയും താരത്തിന്റെയും ആത്മവിശ്വാസം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ഭജന്‍ സിങ്. Photo: Tanuj/x.com

ഇനി ലഭിക്കുന്ന അവസരത്തിലും റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ലെങ്കില്‍ ഇഷാന്‍ ഉടനെ തന്നെ ഓപ്പണ്‍ ചെയ്യുന്നത് കാണണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

‘സഞ്ജുവിന് റണ്‍സ് എടുക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, ഇന്ത്യന്‍ ടീം അവന് ഒന്നോ രണ്ടോ അവസരം കൂടി നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ റണ്‍സ് നേടേണ്ടത് പ്രധാനമാണ്.

അത് ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തും. സഞ്ജു റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ ഇഷാന്‍ കിഷന്‍ സ്വാഭാവികമായും ടീമിന്റെ ഓപ്പണറാവും,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Photo: Team Samson/x.com

ഏഷ്യാ കപ്പിനിടെ നഷ്ടമായ തന്റെ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് തിരികെ ലഭിച്ചത് കിവീസിന് എതിരെയുള്ള പരമ്പരയിലാണ്. കൂടാതെ, ലോകകപ്പിനുള്ള സ്‌ക്വാഡിലും താരത്തെ ഓപ്പണര്‍ കം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ലോകകപ്പിന് മുന്നോടിയായുള്ള ഈ പരമ്പരയില്‍ ഇതുവരെ താരത്തിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല.

10, 6, 0 എന്നിങ്ങനെയാണ് കിവീസിന് എതിരെയുള്ള സഞ്ജുവിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. ഇതോടെ താരത്തിന്റെ ലോകകപ്പിലെ ഓപ്പണിങ് സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. തിലക് വര്‍മ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മലയാളി താരത്തിന് ബെഞ്ചിലിരിക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍, അവസാന രണ്ട് മത്സരങ്ങള്‍ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്നും ലോകകപ്പില്‍ ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു തന്നെ കളത്തില്‍ ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നവര്‍ കുറവല്ല.

Content Highlight: Harbhajan Singh warns Ishan Kishan replace Sanju Samson as opener soon

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി