ധോണിയെയും യുവരാജിനെയും പോലെ കളിക്കാന്‍ അവനാകില്ല: സെമി ഫൈനലിന് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍താരത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്
Sports
ധോണിയെയും യുവരാജിനെയും പോലെ കളിക്കാന്‍ അവനാകില്ല: സെമി ഫൈനലിന് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍താരത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 9:19 am

അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ വിക്കറ്റ് കീപ്പറായി ആരെയായിരിക്കും രോഹിത് ശര്‍മ കളത്തിലിറക്കുക എന്നറിയാന്‍ കൂടി വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

ബാറ്റിങ് ലൈനില്‍ ടോപ് ഫൈവില്‍ വരുന്നതുകൊണ്ട് ദിനേഷിന് സ്ഥാനം നല്‍കണമെന്നും അതല്ല, റിഷബ് പന്താണ് കൂടുതല്‍ യോഗ്യനെന്ന് പറയുന്നവരും ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിക്കുകയാണ്. ഇരുവരുടെയും ഫോമില്ലായ്മയും ചര്‍ച്ചയാകുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ഡി.കെയായിരുന്നു താരത്തിന്റെ ചോയ്‌സ്. എന്നാല്‍, ദിനേഷ് കാര്‍ത്തിക് മികച്ച കളിക്കാരനാണെങ്കിലും അദ്ദേഹത്തില്‍ നിന്നും ധോണിയും യുവരാജ് സിങ്ങും പുറത്തെടുക്കുന്ന തരം പ്രകടനം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞിരുന്നു.

‘എന്റെ മുമ്പില്‍ മറ്റ് ചോയ്‌സുകളില്ല. കാരണം രാഹുല്‍ ദ്രാവിഡിന് റിഷബ് പന്തിനെയാണ് കൂടുതല്‍ താല്‍പര്യം. പക്ഷെ ദിനേഷ് കാര്‍ത്തിക്കിനെ ഇറക്കണമെന്നതാണ് എന്റെ ആഗ്രഹം.

ദിനേഷ് കാര്‍ത്തിക് മികച്ച രീതിയിലാണ് നേരത്തെ കളിച്ചിരുന്നത്. ആ ബാറ്റിങ് നമ്പറില്‍ കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ധോണിയും യുവരാജും ചെയ്തത് പോലെ മിക്കവര്‍ക്കും ചെയ്യാന്‍ സാധിക്കില്ല.

നിങ്ങള്‍ ഡി.കെയെ അവരോടൊക്കെ കമ്പയര്‍ ചെയ്യാന്‍ പോയാല്‍ ശരിയാകില്ലെന്നേ. ധോണിയും യുവരാജുമൊക്കെ ആ കളിയിലെ ചാമ്പ്യന്മാരാണ്.

ഡി.കെ ഒരു മികച്ച കളിക്കാരനാണ്. ഇവിടെ വരെയെത്താന്‍ അദ്ദേഹത്തിന് സാധിച്ചത് മികച്ച പ്രകടനം കൊണ്ട് തന്നെയാണ്. ഡി.കെക്ക് അവസരം നല്‍കണമെന്നതാണ് എന്റെ നിര്‍ദേശം. പക്ഷെ ടീമില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണമെന്നതാകും അവരുടെ ആഗ്രഹം,’ ഹര്‍ഭജന്‍ സിങ് പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിനോടായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതികരണം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത് എന്നിവരില്‍ നിന്ന് ആരെയാകും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്ന ചോദ്യത്തിന് രോഹിത് മറുപടി നല്‍കിയിരുന്നില്ല.

സിഡ്‌നിയില്‍ വെച്ച് നടന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയം നേടിയ പാകിസ്ഥാന്‍ ഫൈനലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.

നവംബര്‍ പത്തിനാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികള്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനെ നേരിടും.

Content Highlight: Harbhajan Singh says there is no point in comparing Dinesh Karthik to Dhoni and Yuvraj Singh