ബെംഗളൂരുവിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് അവന്റെ വിക്കറ്റ്: ഹര്‍ഭജന്‍
Cricket
ബെംഗളൂരുവിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് അവന്റെ വിക്കറ്റ്: ഹര്‍ഭജന്‍
ഫസീഹ പി.സി.
Tuesday, 2nd June 2026, 7:11 am

ഏറെ കാലത്തെ കിരീടവരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം നേടിയിരിക്കുകയാണ്. 2026 ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ടീമിന്റെ രണ്ടാം കിരീടനേട്ടം. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

ഇപ്പോള്‍ ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായകമായത് ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഗില്ലിന്റെ വിക്കറ്റ് ലഭിച്ചതോടെ തന്നെ ബെംഗളൂരു മത്സരം പകുതി ജയിച്ചിരുന്നുവെന്നും താരം ഏതൊരു ബൗളറെയും അനായാസം നേരിട്ട് സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹർഭജൻ സിങ്. Photo: Crictracker/x.com

ആര്‍.സി.ബിയുടെ ശക്തമായ ബാറ്റിങ് നിരയെ ഭയന്ന് തിടുക്കത്തില്‍ ഷോട്ട് കളിച്ചത് ബെംഗളൂരുവിന് ഗുണം ചെയ്തപ്പോള്‍ ഗുജറാത്തിന് അത് ഏറ്റവും മോശം നിമിഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

‘അതൊരു വലിയ വിക്കറ്റായിരുന്നു. ശുഭ്മന്‍ ഗില്‍ പുറത്തായതാണ് മത്സരത്തില്‍ ആര്‍.സി.ബിക്ക് സംഭവിച്ച മികച്ച കാര്യം. അവന്റെ വിക്കറ്റ് ലഭിച്ചതോടെ തന്നെ ബെംഗളൂരു പകുതി മത്സരം ജയിച്ചു കഴിഞ്ഞിരുന്നു. ഗുജറാത്തിന്റെ പ്രധാന ബാറ്റര്‍ അവനാണ്. സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്ന അവന് ഏതൊരു ബൗളറെയും അനായാസം നേരിടാന്‍ സാധിക്കും.

ഗില്ലിന് ആ ഷോട്ട് കളിക്കുന്നതിന് കാത്തിരിക്കാമായിരുന്നു. ബെംഗളൂരുവിന്റെ ബാറ്റിങ് നിരയെ ഭയന്ന് അവന്‍ തിടുക്കത്തില്‍ ഷോട്ട് കളിക്കുകയായിരുന്നു. അത് ആര്‍.സി.ബിക്ക് വലിയൊരു നേട്ടമായിരുന്നു. അതേസമയം, ഗുജറാത്തിന് ഏറ്റവും മോശം നിമിഷവും,’ ഹര്‍ഭജന്‍ പറഞ്ഞു.

ആർ.സി.ബി ഐ.പി.എൽ 2026 കിരീടവുമായി. Photo: IndianPremierLeague/x.com

ഫൈനലില്‍ ഗില്‍ മൂന്നാം ഓവറില്‍ തന്നെ പുറത്തായിരുന്നു. എട്ട് പന്തുകള്‍ നേരിട്ട താരം വെറും പത്ത് റണ്‍സാണ് എടുത്തത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ അഗ്രസീവ് ഷോട്ടിന് ശ്രമിച്ച താരം രജത് പടിദാറിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മടങ്ങിയത്.

Content Highlight: Harbhajan Singh says that Shubhman Gill’s wicket was the crucial moment in RCB’s win in IPL 2026 final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി