ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും ഉണ്ടാവണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ ടീം കുറച്ച് കൂടി ശക്തമാവുമായിരുന്നുവെന്നും അവന്റെ എക്‌സ് ഫാക്ടര്‍ ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ സ്പിന്നര്‍.
‘സിറാജും ഈ ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു. സമീപകാല പരമ്പരയില്‍ സിറാജ് വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇംഗ്ലണ്ടില്‍ ഒരുപാട് പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വേണ്ട വിശ്രമം ലഭിച്ചിട്ടുണ്ട്.
അവനുണ്ടായിരുന്നെങ്കില്‍ ടീമിന്റെ ബൗളിങ് യൂണിറ്റ് കൂടുതല്‍ ശക്തമാവുമായിരുന്നു. സിറാജ് കൊണ്ടുവരുന്ന പ്രത്യേക ‘എക്‌സ്-ഫാക്ടര്‍’ ടീമിന് നഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു.
അടുത്തിടെ സമാപിച്ച ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ മുഹമ്മദ് സിറാജ് മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ഓവലിലെ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തിലും പരമ്പര സമനിലയാക്കുന്നതിലും താരം നിര്‍ണായക സാന്നിധ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരെ 1000ലേറെ ഡെലിവറിയാണ് സിറാജ് എറിഞ്ഞത്.
പരമ്പരയില്‍ 23 വിക്കറ്റുകള്‍ എടുത്ത താരമായിരുന്നു വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. എന്നാല്‍, താരത്തിനെ ഏഷ്യ കപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ, താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.