അവന്‍ വിരാടിന് തുല്യം, അവനില്ലാത്തുകൊണ്ടാണ് ഇന്ത്യ തോറ്റത്; ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെ ഹര്‍ഭജന്‍
Sports News
അവന്‍ വിരാടിന് തുല്യം, അവനില്ലാത്തുകൊണ്ടാണ് ഇന്ത്യ തോറ്റത്; ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെ ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 7:49 am

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ പരാജയമേറ്റുവാങ്ങിയിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ സെഞ്ചൂറിയനില്‍ തോല്‍വിയേറ്റുവാങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. വിരാട് കോഹ്‌ലിക്ക് പിന്തുണ നല്‍കാന്‍ ഒരു ബാറ്റര്‍ക്കും സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത താരങ്ങളെ ടീമിന്റെ ഭാഗമാക്കാത്തതാണ് ഇന്ത്യക്കേറ്റ തിരിച്ചടിയെന്നാണ് ഭാജി അഭിപ്രായപ്പെടുന്നത്.

‘നമ്മള്‍ അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ചേതേശ്വര്‍ പൂജാരയെയും ഒരു കാരണവുമില്ലാതെ പുറത്തിരുത്തി. ഇക്കാലമത്രയും പൂജാര ഒരു മികച്ച ബാറ്ററായിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ പൂജാരയുടെ സംഭാവനകള്‍ വിരാട് കോഹ്‌ലിയുടേതിന് തുല്യമാണ്.

 

ടെസ്റ്റ് ഫോര്‍മാറ്റില്‍ പൂജാരയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍. അവനെ പോലെ മറ്റൊരു താരവും നമ്മള്‍ക്കില്ല. അവന്‍ റണ്‍സ് കണ്ടെത്താന്‍ സമയമെടുക്കുന്നുണ്ടാകാം, എന്നാല്‍ അവന്‍ നിങ്ങളെ തോല്‍വിയില്‍ നിന്നും രക്ഷിക്കുന്നു. പൂജാരയുടെ ബാറ്റിങ് കരുത്താണ് ഇന്ത്യയെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും വിജയത്തിലേക്ക് നയിച്ചത്,’ ഹര്‍ഭജന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ നേടിയ 245 റണ്‍സ് ഒരിക്കലും മതിയായിരുന്നില്ല എന്നും അത് ഇന്ത്യയുടെ വിജയ സാധ്യത ഇല്ലാതാക്കിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ഇന്ത്യ മത്സരത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ടോസ് നഷ്ടപ്പെട്ടതിന് ശേഷം അവര്‍ ആദ്യ ഇന്നിങ്‌സില്‍ വെറും 245 റണ്‍സ് മാത്രമാണ് നേടിയത്. ജയിക്കാന്‍ അതൊരിക്കലും മതിയാകുമായിരുന്നില്ല, ഒടുവില്‍ അതുതന്നെയാണ് സംഭവിച്ചതും.

വെറും മൂന്ന് ദിവസം കൊണ്ട് മത്സരം അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 131 റണ്‍സിന് ഓള്‍ ഔട്ടായി. വിരാട് കോഹ്‌ലിയുടെ പ്രകടനം മാറ്റിവെച്ചാല്‍ രണ്ടാം ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കാന്‍ ഒന്നും തന്നെയില്ല,’ ടര്‍ബനേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് പിറകിലാണ്. സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര എന്നത് ഇന്ത്യക്ക് ഇത്തവണയും സ്വപ്‌നമായി തന്നെ അവസാനിക്കും.

ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: Harbhajan Singh says India lost because Cheteshwar Pujara was not included in the team