ഏഷ്യാ കപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കിയും നാളുകളായി ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാഗമല്ലാത്ത ശ്രേയസ് അയ്യരിനെ ഉള്‍പ്പെടുത്തിയുമാണ് ഹര്‍ഭജന്‍ ഏഷ്യാ കപ്പിനുള്ള തന്റെ സ്‌ക്വാഡ് തെരഞ്ഞെടുത്തിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാജി തെരഞ്ഞെടുപ്പ് നടത്തിയത്. സഞ്ജു സാംസണെ ഒഴിവാക്കിയ ടര്‍ബണേറ്റര്‍ യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരെയാണ് ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
2023 മുതല്‍ ഇന്ത്യയുടെ ടി-20 പ്ലാനുകളുടെ ഭാഗമല്ലാത്ത ശ്രേയസ് അയ്യര്‍ക്കും ഹര്‍ഭജന്റെ സ്‌ക്വാഡില്‍ ഇടമുണ്ട്. സൗത്ത് ആഫ്രിക്കയില്‍ വെടിക്കെട്ടുമായി തിളങ്ങിയ തിലക് വര്‍മയെയും ഹര്‍ഭജന്‍ ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാ കപ്പിനുള്ള ഹര്‍ഭജന്റെ ഇന്ത്യന്‍ സ്‌ക്വാഡ്
‘യശസ്വി ജെയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്. കെ.എല്‍. രാഹുലിനെ ഞാന്‍ സാധാരണയായി ഉള്‍പ്പെടുത്താറില്ല. ഞാന്‍ മറ്റൊരു വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താത്തതിനാല്‍ അവന്‍ വളരെ വളരെ മികച്ച ഒരു ഓപ്ഷനാണ്. അവനോ റിഷബ് പന്തോ ഉറപ്പായും ടീമിലുണ്ടായിരിക്കണം,’ ഹര്‍ഭജന്‍ പറഞ്ഞു.
ഏകദിനത്തിലും ടെസ്റ്റ് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ കെ.എല്‍. രാഹുല്‍ ഇന്ത്യയുടെ ടി-20 പ്ലാനുകളുടെ ഭാഗമല്ല. 2022ലാണ് താരം ഒടുവില്‍ ടി-20 കളിച്ചത്.
കെ.എല്‍. രാഹുല്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിന് പരിക്കേറ്റ റിഷബ് പന്ത് നിലവില്‍ വിശ്രമത്തിലാണ്. കുറച്ചുകാലം താരം കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ഏഷ്യാ കപ്പ് ആരംഭിക്കുമ്പോഴേക്കും പന്ത് പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാനും സാധ്യതയില്ല.
ഓഗസ്റ്റ് 19ന് ഇന്ത്യ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.