ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരു പതിനഞ്ചുകാരന്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. വെറും 15 വയസുമാത്രം പ്രായമുള്ള വൈഭവ് ക്രിക്കറ്റ് ഭരിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ചെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരു പതിനഞ്ചുകാരന്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ബുംറയുടെ ആദ്യ പന്തില്‍ ഒരു കൊച്ചുകുട്ടിയാണ് സിക്സര്‍ അടിച്ചത്. ബുംറയ്ക്കെതിരെ സ്വപ്‌നം കാണാന്‍ കഴിയാത്ത പ്രകടനമാണിത്. ഈ പയ്യന്‍ ഒരു ബൗളര്‍ക്കെതിരെയല്ല മറിച്ച് പന്തിനെതിരെയാണെന്ന് തെളിയിച്ചു.
എന്നിരുന്നാലും ബുംറയ്‌ക്കൊരു കംബാക്ക് ഉണ്ടാകുമെന്ന് എല്ലാവരും പറയുന്നു. പക്ഷേ അദ്ദേഹം സ്ലോ ബോള്‍ എറിഞ്ഞതും, വൈഭവ് സൂര്യവംശി മിഡ് വിക്കറ്റില്‍ സിക്‌സറടിച്ചു. 15 വയസ് മാത്രമുള്ളപ്പോഴും താന്‍ തയ്യാറാണെന്നും ക്രിക്കറ്റ് ഭരിക്കാന്‍ ഇവിടെയുണ്ടെന്നും ഈ പയ്യന്‍ തെളിയിച്ചു,’ ഹര്‍ഭജന്‍ സിങ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ഏപ്രില്‍ ഏഴിന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയത്. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 123ന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
മത്സരത്തില്‍ രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 14 പന്തുകള്‍ നേരിട്ട് 39 റണ്‍സായിരുന്നു 15കാരനായ താരത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്സില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് വൈഭവ് അടിച്ചത്. 278. 57 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ഓപ്പണര്‍ മുംബൈ താരങ്ങളെ അടിച്ചൊതുക്കിയത്.
സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 17 പന്തില്‍ 52 റണ്‍സടിച്ച താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.
നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വൈഭവ്. മൂന്ന് മത്സരത്തില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സാണ് വൈഭവിന്റെ പേരിലുള്ളത്. 170 റണ്‍സുമായി യശസ്വി ജെയ്‌സ്വാളാണ് ഒന്നാമത്.
ഏപ്രില്‍ പത്തിനാണ് രാജസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സാണ് എതിരാളികള്‍. ഗുവാഹത്തി തന്നെയാണ് വേദി.