2026 ലോകകപ്പിനുള്ള ടീമിനെ ബി.സി.സി.സി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരില്‍ ഇന്ത്യയിലും ശ്രീലങ്കയിലും തുടങ്ങുന്ന ടൂര്‍ണമെന്റിനായി 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ ടി – 20 ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ അപ്രതീക്ഷിത നീക്കമായിരുന്നു.
ഇപ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടീമിന് താന്‍ പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നുവെന്നും ഇഷാന്‍ കിഷനെയും റിങ്കു സിങ്ങിനെയും ടീമില്‍ ചേര്‍ത്തത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ടീം സെലക്ഷന്‍ സ്ഥിരതയുള്ള ടീമിനെ രൂപപ്പെടുത്താന്‍ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത് എന്നാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഹർഭജൻ സിങ്. Photo: Suprvirat/x.com
‘ഈ ടീം സെലക്ഷന് ഞാന്‍ അജിത് അഗാര്‍ക്കറിനും മാനേജ്‌മെന്റിനും ഫുള്‍ മാര്‍ക്ക് നല്‍കും. ശുഭ്മന്‍ ഗില്ലിന് തനിക്ക് അര്‍ഹിച്ച അവസരം കിട്ടിയില്ല എന്നൊരു ചിന്തയുണ്ടാക്കാം. പക്ഷേ, ഇത് ശരിയായ തീരുമാനമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിലൊരിക്കലും ഗില്ലിന് അവസാന അവസരമല്ല.
ടീം കോമ്പിനേഷന് മുന്‍ഗണന നല്‍കുമ്പോള്‍ മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അജിത് അഗാര്‍ക്കറും സൂര്യകുമാര്‍ യാദവും പറയുന്നത് കേള്‍ക്കുമ്പോള്‍ ടീമിന്റെ സ്ഥിരതയ്ക്ക് മുൻഗണന നല്‍കുന്നുവെന്ന് മനസിലാക്കാം.
റിങ്കു സിങ്ങും ഇഷാന്‍ കിഷനും ടീമിലേക്ക് തിരിച്ചെത്തിയത് വലിയ സന്തോഷമാണ് നല്‍കുന്നത്. സ്റ്റാന്‍ഡ്ബൈ താരമായി മാത്രം കണ്ടിരുന്ന ഇഷാന്‍ ഇപ്പോള്‍ തന്റെ സ്ഥാനം നേടിയെടുത്തിരിക്കുന്നു. മികച്ച പ്രകടനം നടത്തിയാല്‍ അവസരങ്ങള്‍ ലഭിക്കുമെന്നതിന്റെ തെളിവാണിത്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
സഞ്ജു സാംസണ്‍. Photo: BCCI/x.com
അതേസമയം, ലോകകപ്പ് സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുമ്പോള്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.