രാജസ്ഥാന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ യശസ്വി ജെയ്‌സ്വാളിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ജെയ്‌സ്വാള്‍ വൈഭവ് സൂര്യവംശിയാകാന്‍ ശ്രമിക്കേണ്ടതില്ലെന്നും ജെയ്‌സ്വാള്‍ ജെയ്സ്വാളായി തുടരണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. വൈഭവ് പലരേക്കാളും മുന്നിലാണെന്നും ജെയ്‌സ്വാളും സൂര്യവംശിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

‘ഞാന്‍ രാജസ്ഥാന്‍ ക്യാമ്പിലാണെങ്കില്‍, അവനോട് (യശസ്വി ജെയ്‌സ്വാള്‍) ഒരു കാര്യം മാത്രമേ പറയൂ, ‘നീ വൈഭവ് സൂര്യവംശിയാകാന്‍ ശ്രമിക്കേണ്ടതില്ല. നീ ജെയ്സ്വാളായി തുടരണം.’ ജയ്സ്വാള്‍ ആകുക, അവന്‍ (വൈഭവ്) പല കളിക്കാരെക്കാളും വളരെ മുന്നിലാണ്. അയാള്‍ക്കുള്ള തരത്തിലുള്ള ഗെയിം പലര്‍ക്കും ഇല്ല.

യശസ്വി ജെയ്‌സ്വാള്‍

യശസ്വിക്ക് ബോള്‍ ടൈമിങ്ങില്‍ അടിക്കേണ്ട മാത്രമേ ആവശ്യമുള്ളൂ. പന്ത് വളരെ ശക്തമായി അടിക്കാനാണ് ശ്രമിക്കുന്നത്, അതുകൊണ്ടാണ് ശരീരഭാരം പിന്നിലേക്ക് പോകുന്നതും, ശേഷം പന്ത് പൊന്തി പോകുന്നതും. ബോള്‍ ടൈമിങ്ങില്‍ അടിക്കുകയും ഗ്രൗണ്ടിലൂടെ കളിക്കുകയുമാണ് അവന്‍ ചെയ്യേണ്ടത്.

ജെയ്‌സ്വാളും സൂര്യവംശിയും തമ്മിലുള്ള വ്യത്യാസം അതാണ്. സൂര്യവംശി ഒരു സിക്‌സ്-ഹിറ്ററാണ്, ജെയ്‌സ്വാള്‍ ഒരു ഫോര്‍-ഹിറ്ററാണ്. ഒരു ഫോര്‍-ഹിറ്റര്‍ സിക്‌സ് അടിക്കാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ശരീരഭാരം കുറയുന്നു. അതിനാല്‍, അദ്ദേഹം ഫോറുകള്‍ അടിക്കാന്‍ ശ്രമിച്ചാല്‍, ബാറ്റിങ് ഫ്‌ളോയില്‍ സിക്‌സറുകള്‍ യാന്ത്രികമായി നേടാന്‍ സാധിക്കും,’ ഹര്‍ഭജന്‍ സിങ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക.

നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നതും. എലിമിനേറ്ററില്‍ 29 പന്തില്‍ 97 റണ്‍സിനായിരുന്നു വൈഭവ് പുറത്തായത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

അതേസമയം ജെയ്‌സ്വാള്‍ 29 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 29 റണ്‍സാണ് എലിമിനേറ്ററില്‍ നേടിയത്. സീസണില്‍ 15 മത്സരത്തില്‍ നിന്ന് 426 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.

 

Content Highlight: Harbhajan Singh Criticize Yashasvi Jaiswal