അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതാണ് പ്രധാന മാറ്റം.

രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടിയതും ഏറെ ശ്രദ്ധേയമായി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പാടിദാറിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല.

ഇപ്പോള്‍ പാടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തതില്‍ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഐ.പി.എല്ലില്‍ ഈ സീസണില്‍ 501 റണ്‍സ് നേടിയിട്ടും പാടിദാര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് അന്യായമാണെന്നാണ് ഹര്‍ഭജന്‍ എക്സില്‍ കുറിച്ചത്. ഇന്ത്യയിലെ മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് പാടിദാറെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

‘രജത് പാടിദാര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് ശരിക്കും ദുഖകരമാണ്. അദ്ദേഹം ഇനി എന്താണ് തെളിയിക്കേണ്ടത്? 200 സ്‌ട്രൈക്ക് റേറ്റില്‍ 501 റണ്‍സ് നേടി. എന്നിട്ടും അവസരം ലഭിച്ചില്ല. ഇത് അന്യായമാണ്. ഇന്ത്യയിലെ മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മികച്ച ടെക്‌നിക്കും അഗ്രിസീവ് ബാറ്റിങ്ങും അദ്ദേഹത്തിന്റെ ശക്തിയാണ്,’ ഹര്‍ഭജന്‍ സിങ് എക്സില്‍ കുറിച്ചു.

2026 ഐപിഎല്‍ സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പാടിദാര്‍ കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

രജത് പാടിദാര്‍

ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ആര്‍.സി.ബി രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക നായകനായും പാടിദാര്‍ മാറി. ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്‌ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

അതേസമയം അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

Content Highlight: Harbajan Singh talk Rajat patidar deserving chance to Indian cricket team