മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദനം; രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: എം.കെ.സ്റ്റാലിന്‍
national news
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദനം; രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: എം.കെ.സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 12:03 pm

ചെന്നൈ: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം നേരിട്ട സംഭവത്തില്‍ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.

‘ഐ.ജി.എന്‍.ടി.യുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സെക്യൂരിറ്റി സ്റ്റാഫുകള്‍ നടത്തിയ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അവരുടെ ജോലി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കലാണ്.

ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനവും അതിക്രമവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം അത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണം’, അദ്ദേഹം പറഞ്ഞു.

ഈ മാസം 10നാണ് യൂണിവേഴ്‌സിറ്റിയില്‍ നാല് മലയാളി വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായ പരാതി ഉയര്‍ന്നത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ നഷീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്നാന്‍, ആദില്‍ റാഷിഫ് എന്നിവരെയാണ് പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

കോളേജിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ഫോട്ടോയെടുത്തെന്നാരോപിച്ചാണ് ഇവരെ ആക്രമിച്ചതെന്നും ഇതിന് മുമ്പും സമാനമായ ആക്രമണങ്ങള്‍ സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിഷേക് ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

ക്യാമ്പസിനകത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥികളെ ആദ്യം ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞ് നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ക്യാമ്പസിന് പുറത്തേക്ക് പോകാനിരുന്ന ഇവരെ പത്തോളം വരുന്ന ജീവനക്കാര്‍ ലാത്തിയുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും അഭിഷേക് പറഞ്ഞു.

‘ക്യാമ്പസിലെ എല്ലാവരും കയറുന്ന വാട്ടര്‍ ടാങ്കിന് മുകളിലാണ് ഞങ്ങളും കയറിയത്. പക്ഷെ തിരിച്ചിറങ്ങിയ ഞങ്ങളെ ഒരു സെക്യൂരിറ്റിക്കാരന്‍ തടഞ്ഞ് നിര്‍ത്തി ഫോട്ടോ എടുത്തതെന്തിനാണെന്ന് ചോദിച്ചു. ശേഷം അവിടെ നിന്നും പോയ ഞങ്ങളെ ഗെയ്റ്റില്‍ വെച്ച് തടയാന്‍ ഇതേ സെക്യൂരിറ്റി മറ്റാരാള്‍ക്ക് ഫോണ്‍ വിളിച്ച് പറഞ്ഞു.

നാല് കേരള സ്റ്റുഡന്റ്സ് വരുന്നുണ്ടെന്നും അവരെ വിടരുത് ബ്ലോക്ക് ചെയ്തേക്കെന്നുമാണ് അയാള്‍ വിളിച്ച് പറഞ്ഞത്. അതുകേട്ട് ഹോസ്റ്റലിലേക്ക് പോയ ഞങ്ങളെ പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വളയുകയും കയ്യിലുണ്ടായിരുന്ന മുളവടി കൊണ്ട് തലയ്ക്കും കാലിനും നിര്‍ത്താതെ അടിക്കുകയും ചെയ്തു.

അടി കൊണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ചെവിയില്‍ നിന്ന് ചോരയൊലിക്കാന്‍ തുടങ്ങി. എന്നിട്ടാണ് അവര്‍ അടി നിര്‍ത്തിയത്. പിന്നീട് ഞങ്ങള്‍ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കേരള വിദ്യാര്‍ത്ഥികളോട് പൊതുവെ ഇവര്‍ക്ക് വെറുപ്പാണ്’ എന്നാണ് അഭിഷേക് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

ഇതിന് മുമ്പും സര്‍വകലാശാലയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് എം.എ ഇകണോമിക് വിദ്യാര്‍ത്ഥിയായ സൈനബ ലുബ്ന പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം ഭയാനകമാണെന്നും രാജ്യത്ത് ഐഡന്റിറ്റി വെച്ച് ഉപദ്രവിക്കുന്ന പ്രവണതയെ ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി അക്രമകാരിക്കള്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് പരാതിപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പിയും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന് കത്തയച്ചിരുന്നു.

 

CONTENT HIGHLIGHT: Harassment of Malayali students; Violence is increasing in the country: MK Stalin