കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടിയും എ.എം.എം.എ പ്രസിഡന്റുമായ ശ്വേത മേനോന്‍. വിധി ചരിത്രപരമാണെന്നും അപ്പീലിന് പോവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും നടി പറഞ്ഞു.
ആ പെണ്‍കുട്ടിയുടെ എട്ട് വര്‍ഷത്തെ പോരാട്ടമാണിത്. വിധിയില്‍ അതീവ സന്തോഷത്തിലാണ്. വിധിക്ക് വേണ്ടി കാത്തിരുന്നതുകൊണ്ടാണ് പ്രതികരണം വൈകിയത്. നിയമവിദഗ്ധര്‍ പറഞ്ഞത് ഈ വിധിയൊരു ചരിത്രമാണെന്നാണ്.
ഇനി ഇങ്ങനൊരു സംഭവം നടക്കരുത്. അവള്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ഞാനാണെങ്കില്‍ എന്തായാലും അപ്പീലിന് പോയേനെ. അവളും അപ്പീലിന് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ അവള്‍ക്കൊപ്പമുണ്ടെന്നും എ.എം.എം.എ പ്രസിഡന്റ് പറഞ്ഞു.
കേസില്‍ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കോടതി വിധി വന്ന ദിവസം നടന്ന യോഗം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നെന്നും ശ്വേത വിശദീകരിച്ചു. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തിയതാണ്. മൂന്നാഴ്ചയ്ക്ക് മുമ്പ് തീരുമാനിച്ച യോഗമാണ് ഡിസംബര്‍ എട്ടിന് നടന്നത്. അടിയന്തര യോഗമല്ലായിരുന്നു.
വോട്ടെടുപ്പ് ദിവസം കൂടി കണക്കിലെടുത്താണ് ആ തീയതി തെരഞ്ഞെടുത്തത്. എന്നാല്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അന്ന് തന്നൊയായിരുന്നു ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെന്നും ശ്വേത പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കന്നത് സംബന്ധിച്ച് ആരും അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം നടനും മുന്‍ എ.എം.എം.എ ഭാരവാഹിയുമായ ബാബുരാജ് നടത്തിയ പ്രതികരണത്തെ കുറിച്ചും ശ്വേത പ്രതികരിച്ചു. ബാബുരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എ.എം.എം.എയ്ക്ക് അത്തരത്തില്‍ ഒരു വിഷയത്തില്‍ ആലോചനയില്ലാതെ പ്രതികരിക്കാനാകില്ലെന്നും ശ്വേത വിശദീകരിച്ചു.
എ.എം.എം.എയുടെ തലപ്പത്ത് സ്ത്രീകളായതിനാല്‍ പ്രതികരണത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം. മോഹന്‍ലാലായിരുന്നു ആ സ്ഥാനത്തെങ്കില്‍ കഷ്ടപ്പെടേണ്ടി വന്നേനെ. മാധ്യമങ്ങള്‍ അദ്ദേഹത്തെ പ്രതികരണം ചോദിച്ച് ശ്വാസംമുട്ടിക്കും. പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹം മാറിയത് നന്നായി എന്നാണ് താന്‍ കരുതുന്നതെന്നും ബാബുരാജ് പറഞ്ഞിരുന്നു.
Content Highlight: Actress Attack Case: Happy with the verdict; If it were me, I would have appealed: Shweta Menon