എഡിറ്റര്‍
എഡിറ്റര്‍
ഹാപ്പി ന്യൂ ഇയറിലെ ആദ്യ പാട്ടുമായി ഷാരൂഖും കൂട്ടരും
എഡിറ്റര്‍
Thursday 4th September 2014 11:47am

ബോളിവുഡ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കിങ് ഖാന്‍ ചിത്രം ഹാപ്പി ന്യൂ ഇയറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘ഇന്ത്യാവാലെ’ എന്ന ഫാസ്റ്റ് നമ്പറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് വിശാല്‍ ശേഖറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന ഗാനം വിശാല്‍ ദഡ്‌ലാനി, കെ.കെ, ശങ്കര്‍ മഹാദേവന്‍, നീതി മോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

2:16 മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള പാട്ടില്‍ ഡാന്‍സിനല്ല പ്രാധാന്യം.  സിനിമയിലെ മുഖ്യ താരങ്ങളെ പരിചയപ്പെടുത്തുന്നു എന്നതാണ് പാട്ടിന്റെ പ്രത്യേകത.  ബോളിവുഡിലെ തിളക്കമാര്‍ന്ന സെറ്റുകള്‍ പാട്ടിനെ ദൃശ്യവിരുന്നാക്കി മാറ്റുന്നുണ്ട്.

‘മേ ഹൂ നാ’, ‘ഓ ശാന്തി ഓം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായക ഫറാ ഖാനും ഷാറൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍. താര നിബിഡമായ ചിത്രത്തിന്റെ കഥ ഫറാഖാനും, തിരക്കഥ ഫറാഖാനും മയൂര്‍ പുരിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

ഷാറൂഖ് ഖാനെ കൂടാതെ അഭിഷേക് ബച്ചന്‍, ദീപിക പദ്‌കോണ്‍, സോനു സുഡ്, ബോമന്‍ ഇറാനി, വിവാന്‍ ഷാ, ജാക്കി ഷറോഫ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ദിനോ മോറിയ, പ്രഭു ദേവ, സാറ ജെയിന്‍ ഡയാസ്, മല്ലിക അറോറ ഖാന്‍, അനുരാഗ് കശ്യപ്, വിശാല്‍ ദഡ്‌ലാനി, സാജിദ് ഖാന്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

സന്ദീപ് ചൗട്ടയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെന്‍മെന്‍സിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം അവസാനം പ്രദര്‍ശനത്തിനെത്തും.

Advertisement