
ഐ.ഐ.ടിയിലെ കലോത്സവമായ മൂഡ് ഇന്‍ഡിഗോയുടെ ഭാഗമായി വരച്ച ഹനുമാന്റെ ചിത്രമാണ് പ്രതിഷേധത്തിന് കാരണമായത്.
മുംബൈ: ഹനുമാന്‍ ചിത്രത്തെ വികലമാക്കിയെന്നാരോപിച്ച് ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയിലെ പോവൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ടെക്‌നോളജിയില്‍ വിവാദ ചിത്രം അധികൃതര്‍ നീക്കം ചെയ്തു.
ഐ.ഐ.ടിയിലെ കലോത്സവമായ മൂഡ് ഇന്‍ഡിഗോയുടെ ഭാഗമായി വരച്ച ഹനുമാന്റെ ചിത്രമാണ് പ്രതിഷേധത്തിന് കാരണമായത്. ചിത്രം അനുചിതവും അപഹാസ്യവുമാണെന്ന ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ മാപ്പ് എഴുതി നല്‍കി ചിത്രം എടുത്തു മാറ്റുകയായിരുന്നു.
മൃതസഞ്ജീവനിയുമായി പറന്നു പോകുന്ന ഹനുമാന്റെ ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഭിത്തിയിലാണ് ചിത്രം വരച്ചിരുന്നത്. ചിത്രം തുടച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ക്യാമ്പസിനുള്ളിലേക്ക് തിങ്കളാഴ്ച ശിവസേന മാര്‍ച്ച നടത്തിയിരുന്നു. സ്റ്റുഡന്റ് ആക്ടിവിറ്റി സെന്ററില്‍ വെച്ചിരുന്ന അനേകം പെയ്ന്റിംഗുകളില്‍ ഒന്നായിരുന്നു ഇതും.
മോഡേണ്‍ വസ്ത്രങ്ങളും, ഗദയ്ക്കു പകരം പേനയും കൈയ്യില്‍ വെച്ചുള്ളതായിരുന്നു ഹനുമാന്റെ രൂപം. പ്രതിഷേധവുമായി ഐ.ഐ.ടിലെത്തിയ ശിവസേനക്കാര്‍ ആദ്യം ചിത്രത്തെ വെള്ള തുണിയിട്ട് മൂടുകയായിരുന്നു. പെയിന്റിംഗ് നീക്കി അധികൃതര്‍ മാപ്പ് പറയണെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിക്രോളി എം.എല്‍.എ സുനില്‍ റൗട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് മൂഡ് ഇന്‍ഡിഗോയുടെ ജനറല്‍ കണ്‍വീനര്‍ അഖില്‍ ദൂതാണ് മാപ്പ് എഴുതി നല്‍കിയത്. മൂഡ് ഇന്‍ഡിഗോയില്‍ അനുചിതമായ ചിത്രം പ്രദര്‍ശിപ്പിക്കാനിടയായതില്‍ ഖേദിക്കുന്നു. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താനുദ്ദേശിച്ചില്ല. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്നു ഉറപ്പു നല്‍കുന്നുവെന്നുമാണ് മാപ്പപേക്ഷയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഐ.ഐ.ടി വക്താവ് ഫാല്‍ഗുനി ബാനര്‍ജിനേഹ പ്രതികരിച്ചു.
