'ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍': അനുരാഗ് താക്കൂര്‍
India
'ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍': അനുരാഗ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 7:45 pm

ഷിംല: ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ വ്യക്തി ഹനുമാനാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ പാരമ്പര്യങ്ങളെ കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍,’ എന്ന അടിക്കുറിപ്പോട് കൂടി മന്ത്രി എക്സില്‍ ഒരു വീഡിയോയും പങ്കുവെച്ചു. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹം പങ്കുവെച്ചത്.


ഉനയിലെ പി.എം ശ്രീ സ്‌കൂളില്‍ വെച്ചാണ് കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ‘ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചത് ആരാണെന്ന് അറിയുമോ’ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെയാണ് മന്ത്രി ഹനുമാനെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം നമ്മള്‍ ബ്രിട്ടീഷുകാര്‍ കാണിച്ചുതന്ന വര്‍ത്തമാന കാലത്ത് തന്നെ തുടരുമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

അതേസമയം ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി യൂറി ഗഗാറിനാണ്. 1961 ഏപ്രില്‍ 12നാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്. ഇന്നത്തെ റഷ്യയിലെ സ്‌മൊളന്‍സ്‌ക് ഒബ്ലാസ്റ്റില്‍ ജനിച്ച യൂറി ഗഗാറിന്‍ 1968 മാര്‍ച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മിഗ് 15 വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് മരിച്ചത്.

രാകേഷ് ശര്‍മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വ്യക്തി. 1984 ഏപ്രില്‍ രണ്ടിന് റഷ്യന്‍ നിര്‍മിത സോയൂസ് ടി-11 എന്ന പേടകത്തിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്. ബഹിരാകാശത്തെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരി കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യ അശോക ചക്രം നല്‍കി ധരിച്ച വ്യക്തിയുമാണ് രാകേഷ് ശര്‍മ.

ഈ ചരിത്രങ്ങളെയെല്ലാം നിഷ്‌കരുണം തള്ളിക്കൊണ്ടാണ് അനുരാഗ് താക്കൂറിന്റെ പരാമര്‍ശം. മാത്രമല്ല, ഇന്ത്യക്കാരനായ ശുഭാന്‍ശു ശുക്ല തന്റെ ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. കഴിഞ്ഞ ദിവസം ശുഭാന്‍ശു ശുക്ല ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഉള്‍പ്പെടെ രാജ്യം ഏറ്റെടുത്തിരുന്നു.

Content Highlight: ‘Hanuman ji is the first astronaut’; Anurag Thakur in controversy