സൂപ്പര്‍ താരം സഞ്ജു സാംസണിനെയും പ്രിന്‍സ് യാദവിനെയും കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. രവി ബിഷ്‌ണോയിക്ക് പകരം പ്രിന്‍സ് യാദവിനെ കളിപ്പിക്കണം എന്നതാണ് തന്റെ അഭിപ്രായമെന്നും മാത്രമല്ല സഞ്ജു സാംസണെ മാറ്റി നിര്‍ത്തുന്നത് ടീം മാനേജ്‌മെന്റ് മുന്‍കൂട്ടി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടോ എന്നും വിഹാരി ചോദിച്ചു. ഇത് ഒരു റൊട്ടേഷന്റെ ഭാഗമാണെങ്കില്‍ അടുത്ത മത്സരത്തില്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കുമോ എന്നും അദ്ദേഹം ചോദിച്ചു.
‘ഇത്തരം സാഹചര്യങ്ങളില്‍ പ്രിന്‍സ് യാദവാണ് ടീമിന്റെ പ്രധാന ബൗളറെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ രവി ബിഷ്‌ണോയിക്ക് പകരം പ്രിന്‍സ് യാദവിനെ കളിപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം. മാത്രമല്ല സഞ്ജു സാംസണെ മാറ്റി നിര്‍ത്തുന്നത് ടീം മാനേജ്‌മെന്റ് മുന്‍കൂട്ടി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇത് ഒരു റൊട്ടേഷന്റെ ഭാഗമാണോയെന്നും അറിയില്ല. അങ്ങനെയാണെങ്കില്‍ അടുത്ത മത്സരത്തില്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കുമോ? അങ്ങനെയാണെങ്കില്‍ കാത്തിരുന്ന് കാണേണ്ടിവരും,’ തന്റെ യൂട്യൂബ് ചാനലിലൂടെ ഹനുമ വിഹാരി പറഞ്ഞു.സഞ്ജു
അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
രണ്ടാം ടി-20യില്‍ സഞ്ജു സാംസണിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ബിഷ്ണോയ് വിക്കറ്റൊന്നും നേടാതെ 60 റണ്‍സായിരുന്നു നല്‍കിയത്. 15.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ പ്രിന്‍സ് യാദവിന് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോ എന്നും കണ്ടറിയണം.
Content Highlight: Hanuma Vihari Talking About Sanju Samson And Prince Yadav