ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ അദ്ദേഹമാണ്: ഹനുമ വിഹാരി
Cricket
ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ അദ്ദേഹമാണ്: ഹനുമ വിഹാരി
ശ്രീരാഗ് പാറക്കല്‍
Thursday, 23rd July 2026, 3:05 pm

ഇന്ത്യയും സിംബാബ്വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ഹരാരെ സ്പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണെന്ന് പറയുകയാണ് മുന്‍ താരം ഹനുമ വിഹാരി. ഹര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും ഇല്ലാത്ത സാഹചര്യത്തില്‍ അക്‌സറില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ബാറ്റിങ്ങില്‍ അക്‌സര്‍ പട്ടേലിന് നിര്‍ണായകമായ പങ്കുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ശിവം ദുബെയെ ഒരു ഓള്‍റൗണ്ടറായി കണക്കാക്കാമെങ്കിലും, ഹര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും ഇല്ലാത്ത സാഹചര്യത്തില്‍ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ അക്‌സറാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്.

പ്രകടനത്തിന്റെ കാര്യത്തില്‍ ശിവം ദുബെ ഇതുവരെ ബാറ്റുകൊണ്ട് വലിയ സ്വാധീനം ചെലുത്തിയിട്ടില്ല. ബാറ്റിങ്ങില്‍ നിന്ന് അദ്ദേഹവും കൂടുതല്‍ സംഭാവന നല്‍കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 101 ടി-20 മത്സരത്തിലെ 64 ഇന്നിങ്‌സില്‍ നിന്ന് 750 റണ്‍സാണ് അക്‌സര്‍ നേടിയത്. ബൗളിങ്ങില്‍ 94 ഇന്നിങ്‌സില്‍ 101 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ മധ്യനിരയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് താരത്തിന്റെ പ്രത്യേകത.

അതേസമയം അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്വേയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

Content Highlight: Hanuma Vihari Talking About Axar Patel

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ