ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം സ്‌ക്വാഡ് തെരഞ്ഞെടുപ്പിലും പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതിലെയും പിഴവുകളാണെന്ന് മുന്‍ താരം ഹനുമ വിഹാരി. ആദ്യം സഞ്ജു സാംസണിനെ പരീക്ഷിച്ച് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയെന്നും പിന്നാലെ താരത്തെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ടീമില്‍ സുരക്ഷിതത്വമില്ലെന്നും ഒരു കളിക്കാരന് കുറച്ച് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജുവിനെ ബലിയാടാക്കിയതില്‍ തനിക്ക് സങ്കടമുണ്ടെന്നും ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ ഒരു കളിക്കാരന് കൃത്യമായ അവസരങ്ങള്‍ ലഭിക്കണമെന്നും തന്റെ യൂട്യൂബ് ചാനലില്‍ വിഹാരി കൂട്ടിച്ചേര്‍ത്തു.
‘പ്രശ്‌നം സ്‌ക്വാഡ് തെരഞ്ഞെടുപ്പിലും പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതിലുമാണ്. നിങ്ങള്‍ സഞ്ജു സാംസണിന് അയര്‍ലാന്‍ഡില്‍ അവസരങ്ങള്‍ നല്‍കി, പിന്നീട് സൂര്യവംശിയെ കളിപ്പിച്ചു. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അവനെയും ഒഴിവാക്കി. ടീമിലെവിടെയും ഒരു സുരക്ഷിതത്വവുമില്ല. ഒരു കളിക്കാരന് കുറച്ച് കൂടുതല്‍ സമയം നല്‍കണം.
സൂര്യവംശിയെ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍, കുറഞ്ഞത് അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളെങ്കിലും അവസരം നല്‍കി പ്രകടനം വിലയിരുത്തണമായിരുന്നു. ഇതൊരു ശരിയായ മനോഭാവമാണെന്ന് എനിക്ക് തോന്നുന്നില്ല. കളിക്കാരെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം വളരെ പ്രധാനമാണ്. ഈ പരമ്പരയില്‍ ഒരുപാട് അനാവശ്യമായ മാറ്റങ്ങളാണ് വരുത്തിയത്. സൂര്യകുമാര്‍ യാദവ് ലോകകപ്പില്‍ ടീമിനെ നയിച്ചപ്പോള്‍ പോലും വളരെ കുറച്ചു മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സഞ്ജുവിനെ ബലിയാടാക്കിയതില്‍ എനിക്ക് സങ്കടമുണ്ട്. സൂര്യവംശി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ അവനെ മാറ്റി സഞ്ജുവിനെ തിരികെ കൊണ്ടുവന്നു. ഇത് ഒട്ടും ശരിയല്ല. ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍, ഒരു കളിക്കാരന് കൃത്യമായ അവസരങ്ങള്‍ ലഭിക്കണം. അല്ലാത്തപക്ഷം, കളിക്കാര്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി മാത്രം കളിക്കേണ്ടി വരും, അത് ടീമില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും,’ ഹനുമ വിഹാരി പറഞ്ഞു.
ഇന്ത്യക്ക് ടി – 20 ലോകകപ്പ് വിജയിച്ചതിന്റെ ശേഷം ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡിനെതിരെ ചരിത്രത്തില്‍ ആദ്യമായി പരമ്പര കൈവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ടീം 4 – 0ന് പരാജയപ്പെട്ടിരുന്നു.
Content Highlight: Hanuma Vihari says he feel sad for Sanju Samson as he was made the scapegoat for the issues in Indian team selection